ഷാര്‍ജ: മയക്കുമരുന്ന് ഉപയോഗത്തിന് ചികിത്സ തേടുന്നവരുടെ പുരോഗതി നിരീക്ഷിക്കുന്നതിനായി സ്മാര്‍ട്ട് വാച്ച് സാങ്കേതിക വിദ്യ അവതരിപ്പിച്ച് ഷാര്‍ജ പൊലീസ്. രോഗികളുടെ അമിത മയക്കുമരുന്ന് ഉപയോഗം സ്വയം തിരിച്ചറിയുകയും അടിയന്തര സഹായം തേടിയുള്ള കാൾ ചെയ്യാനും പുതിയ സാങ്കേതിക വിദ്യ അടങ്ങിയ എസ്.ഒ.എസ് സ്മാര്‍ട്ട് വാച്ചിലൂടെ കഴിയും. രോഗികളുടെ ശാരീരിക, മാനസിക വെല്ലുവിളികളെ നേരിടുകയാണ് ലക്ഷ്യം. സര്‍ക്കാറിന്റെയും മെഡിക്കല്‍ പദ്ധതികളുടെയും പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുക.
രോഗിയുടെ ലൊക്കേഷന്‍ അറിയുന്നതിനുള്ള ജി.പി.എസ്, എസ്.ഒ.എസ് എന്നിവ വാച്ചിൽ സംവിധാനിച്ചിട്ടുണ്ട്. ശാരീരിക പ്രവര്‍ത്തനം വര്‍ധിക്കുക, അസ്വാഭാവികമായ ഹൃദയമിടിപ്പ്, ക്രമരഹിതമായ ശ്വാസോച്ഛ്വാസം എന്നിവ തിരിച്ചറിഞ്ഞാണ് സ്മാര്‍ട്ട് വാച്ച് അടിയന്തര സഹായം തേടുന്നത്. ഷാര്‍ജ പൊലീസിലെ ഫസ്റ്റ് ലഫ്റ്റനന്റ് ഫാര്‍മസിസ്റ്റ് സാറാ അല്‍ സറൂനിയാണ് സ്മാര്‍ട്ട് വാച്ച് വികസിപ്പിച്ചത്. ജീവിത നിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഷാര്‍ജ ഇത്തരമൊരു സ്മാര്‍ട്ട് വാച്ച് പദ്ധതി ഒരുക്കിയതെന്ന് സാറാ അല്‍ സറൂനി പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ചികിത്സ നല്കിയ ശേഷം പുനരധിവാസ പരിഹാരങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്മാര്‍ട്ട് വാച്ചിന്റെ ചെലവ് കുറക്കാനും അധികൃതര്‍ ലക്ഷ്യമിടുന്നുണ്ട്. ധരിക്കാനുള്ള ഉപകരണം, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍, പരസ്പര ബന്ധിതമായ ഇലക്ട്രോണിക് സംവിധാനങ്ങള്‍ എന്നിവ അടങ്ങിയ ഈ സ്മാര്‍ട്ട് വാച്ചിന് 1,50,000 ദിര്‍ഹമാണ് നിലവില്‍ ചെലവ്.
മയക്കുമരുന്നിന് അടിപ്പെട്ട് ചികിത്സ തേടുന്ന പുനരധിവാസത്തിന് സമ്മതിക്കുന്നവര്‍ക്ക് ഈ വാച്ച് സൗജന്യമായി ലഭ്യമാക്കും. ചികിത്സ തേടുന്നവരെ പുനരധിവാസ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുന്നതിനു പകരം വീട്ടുകാര്‍ക്കൊപ്പം ചെലവിടാന്‍ സ്മാര്‍ട്ട് വാച്ച് സഹായിക്കും.
വാച്ച് ധരിച്ചിരിക്കുന്നവരെ കാണാതായാലും ജി.പി.എസ് ട്രാക്കിങ് ഉപയോഗിച്ച് അവരെ എളുപ്പത്തില്‍ കണ്ടെത്താനാവും. അനാരോഗ്യകരമായ അവസ്ഥയിലാണ് രോഗി ഉള്ളതെങ്കില്‍ അടിയന്തര ചികിത്സ അനിവാര്യമാണെന്ന സന്ദേശവും സ്മാര്‍ട്ട് വാച്ചിലൂടെ അറിയാനാവുമെന്ന് സാറാ അല്‍ സറൂനി പറഞ്ഞു. സമ്മതപത്രത്തില്‍ ഒപ്പിടുന്നവര്‍ക്കാണ് വാച്ച് നല്‍കുക. ഇതു ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. സ്മാര്‍ട്ട് വാച്ച് ഊരിമാറ്റിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് വിഡിയോ കാളിലൂടെ ഈ സാഹചര്യത്തെ നേരിടുകയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരുപോലെ ധരിക്കാവുന്ന രീതിയിലാണ് സ്മാര്‍ട്ട് വാച്ച് തയാറാക്കിയിരിക്കുന്നതെന്നും 50ലേറെ സ്മാര്‍ട്ട് വാച്ചുകളാണ് ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്നതെന്നും അല്‍ സറൂനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.