അജ്മാൻ: യു.എ.ഇയിൽ ആദ്യമായി നടന്ന കളിയാട്ട മഹോത്സവത്തിൽ കണ്ണൂർ ഏഴോം സ്വദേശി ജീവൻ വരച്ച തെയ്യങ്ങളുടെ ചിത്ര പ്രദർശനം ശ്രദ്ധേയമായി. പ്രധാന തെയ്യങ്ങളായ മടയിൽ ചാമുണ്ഡി, നമ്പാല മുത്തപ്പൻ, പുലമാരുതൻ, കക്കര ഭഗവതി, ബാലി, കരിഗുളികൻ, കണ്ടനാർ കേളൻ, നാഗോളങ്ങര ഭഗവതി, വസൂരിമാല, കാളി, മൂവാളംകുഴി ചാമുണ്ഡി, മണത്തണ കാളി, മാക്കം, കതിവന്നൂർ വീരൻ, മണത്തണ പോതി തുടങ്ങിയ തെയ്യങ്ങളുടെ ചിത്രങ്ങളാണ് കളിയാട്ട മഹോത്സവത്തിൽ പ്രദർശിപ്പിച്ചത്.
അക്രിലിക്കിലാണ് ജീവൻ ചിത്രങ്ങൾ വരച്ചിട്ടുള്ളത്. അജ്മാൻ വിന്നേഴ്സ് സ്പോർട്സ് ക്ലബിൽ നടന്ന കളിയാട്ട മഹോത്സവത്തിലെ പ്രദർശന നഗരിയിൽ നിരവധി പേരാണ് ചിത്രങ്ങൾ കാണാനെത്തിയത്. ചെറുപ്പം മുതലേ ചിത്രങ്ങൾ വരക്കുന്നതിൽ വലിയ താൽപര്യമുണ്ടായിരുന്ന ജീവൻ രണ്ടുതവണ സംസ്ഥാന തല ഹൈസ്കൂൾ ചിത്രരചന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. തന്റെ കലാപരമായ അഭിരുചി വികസിപ്പിക്കാനായി തൃശൂർ ഫൈൻ ആർട്സ് കോളജിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം കഴിഞ്ഞ 16 വർഷമായി ഷാർജയിലെ ഒരു പ്രമുഖ കമ്പനിയിൽ ഡിസൈനറായി ജോലി ചെയ്തുവരുന്നു.
തെയ്യങ്ങളോടുള്ള ആത്മബന്ധമാണ് ജീവനെ തെയ്യങ്ങളെ ആസ്പദമാക്കി ചിത്രങ്ങൾ വരക്കാൻ പ്രേരിപ്പിച്ചത്. തെയ്യം കടൽ കടന്നതോടെ ഈ പ്രദർശനത്തിലൂടെ തെയ്യങ്ങൾ പ്രവാസ ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷമുണ്ടെന്ന് ജീവൻ അഭിപ്രായപ്പെട്ടു. തെയ്യങ്ങൾക്കൊപ്പം മറ്റു നിരവധി ചിത്രങ്ങളും വീട്ടിൽ ഗാലറി രൂപത്തിൽ സംരക്ഷിച്ചിരിക്കുന്ന ജീവൻ ഭാവിയിൽ കൂടുതൽ പ്രദർശനങ്ങൾ നടത്താനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.