അബൂദബി: ക്ലാസ് മുറിയിലും വിദ്യാര്‍ഥികള്‍, സഹപ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍ എന്നിവരുമായുള്ള ആശയവിനിമയത്തിലും ആദരവും നിഷ്പക്ഷതയും ധാര്‍മിക പെരുമാറ്റവും പ്രകടിപ്പിക്കണമെന്ന് അബൂദബിയിലെ സ്കൂള്‍ ജീവനക്കാരോട് വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) നിർദേശിച്ചു. വിദ്യാര്‍ഥികളുടെയും അധ്യാപക തൊഴിലിന്റെയും താൽപര്യങ്ങള് സംരക്ഷിക്കുന്നരീതിയില് സഹപ്രവര്‍ത്തകരുമായി അധ്യാപകര്‍ സഹകരിക്കേണ്ടതുണ്ടെന്ന് അഡെക് പുറത്തിറക്കിയ പുതിയ ‘പ്രഫഷനല്‍ ധാര്‍മിക നയ’ത്തില്‍ പറയുന്നു. ആറ് വിഭാഗങ്ങളിലായി 22തരം പെരുമാറ്റങ്ങള്‍ വിലക്കുന്നതാണ് പുതിയ പ്രഫഷനല്‍ ധാര്‍മികതാ നയം. ഈ അക്കാദമിക് വര്‍ഷത്തില്‍തന്നെ ഇത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നും അഡെക് അറിയിച്ചു.
ദേശീയ സ്വത്വത്തോടും ഇമാറാത്തി സാംസ്കാരിക മൂല്യങ്ങളോടും ആദരവ് പാലിക്കുക
ഒന്നാമത്തെ നയത്തിന്റെ ഭാഗമായി സ്കൂളിലെ ഏതെങ്കിലും ഒരാള്‍ക്കെതിരെ വിവേചനം അല്ലെങ്കില്‍ പീഡനം, ഗര്‍ഭിണികളോ അല്ലെങ്കില്‍ അടുത്ത് പ്രസവിച്ചതോ ആയ ജീവനക്കാരികളോട് വിവേചനം, മത-രാഷ്ട്രീയ തീവ്രവാദം, വംശീയത, ഭീഷണിപ്പെടുത്തല്‍ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, സാംസ്കാരിക മൂല്യങ്ങൾക്കും സ്കൂള്‍ ഡ്രസ് കോഡിനുവിരുദ്ധമായ വസ്ത്രധാരണം, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കുള്ള പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ പെരുമാറ്റം എന്നിവയാണ് വിലക്കിയിട്ടുള്ളത്.
സഹപ്രവര്‍ത്തകരുമായുള്ള ബന്ധം
സഹപ്രവർത്തകരുമായുള്ള ബന്ധത്തിൽ വാക്കുകൊണ്ടോ അല്ലെങ്കില്‍ ശാരീരികമായോ സഹപ്രവര്‍ത്തകരെ പീഡിപ്പിക്കുക, സഹപ്രവര്‍ത്തകരെക്കുറിച്ച് അപവാദം പറയുകയോ അവരുടെ മാന്യതക്ക് കോട്ടം വരുത്തുകയോ ചെയ്യുക, സഹപ്രവര്‍ത്തകരെക്കുറിച്ചുള്ള രഹസ്യം വെളിവാക്കുക, ജോലി സംബന്ധമായ പ്രവൃത്തികളില്‍നിന്ന് സഹപ്രവര്‍ത്തകരെ മനഃപൂര്‍വം ഒഴിവാക്കുകയോ പ്രഫഷനല്‍ സംബന്ധിയായ വിവരങ്ങള്‍ തടഞ്ഞുവെക്കുകയോ ചെയ്യുക എന്നിവയെല്ലാം വിലക്കിയതിൽ ഉൾപ്പെടും.
നിയമപരമായ പ്രതിബദ്ധതകള്‍
അധ്യാപകർ എപ്പോഴും നിയമങ്ങളും സർക്കാർ നിയന്ത്രണങ്ങളും പാലിക്കുകയും നിയമലംഘനങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും വേണം. പ്രഫഷനല്‍ യോഗ്യതകളെക്കുറിച്ചോ തൊഴില്‍ പരിചയത്തെക്കുറിച്ചോ വ്യാജരേഖകള്‍ ചമക്കുക, അഡെക്കിന്റെയോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ സഹപ്രവര്‍ത്തകരുടെയോ മാന്യതയെ പ്രതികൂലമായി ബാധിക്കുന്ന പ്രസ്താവനകള്‍ നടത്തുക, അനുമതിയില്ലാതെ സ്വന്തം സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ട്യൂഷന് എടുക്കുക എന്നിവയെല്ലാം വിലക്കിയിട്ടുണ്ട്.
ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍
ഈ വിഭാഗത്തിൽ തൊഴിലിടത്തെ ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുക, വിദ്യാര്‍ഥികളുടെയോ അല്ലെങ്കില്‍ സ്വകാര്യ വിവരങ്ങള്‍ അടങ്ങിയ സ്ക്രീന്‍ഷോട്ടുകള്‍ പങ്കുവെക്കുക എന്നിവ വിലക്കിയിട്ടുണ്ട്.
സമൂഹ സംരക്ഷണം
തമാശക്കാണെങ്കിലും അനുചിതമായ പ്രസ്താവനകളോ സ്പര്‍ശനമോ നടത്തുക, വിദ്യാര്‍ഥികളെയോ ജീവനക്കാരെയോ ഏതെങ്കിലും വിധത്തില്‍ ദുരുപയോഗം ചെയ്യുക, ദുരുപയോഗത്തിന് സാക്ഷിയായ ശേഷം ഇതു റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ചവരുത്തുക, വിദ്യാര്‍ഥികളെ ഏതെങ്കിലും വിധത്തില്‍ ദുരുപയോഗം ചെയ്യാന്‍ സാഹചര്യമൊരുക്കുക എന്നിവയെല്ലാം വിലക്കിയവയിൽ ഉൾപ്പെടും.
സമൂഹവുമായുള്ള ഇടപഴകല്‍
വിദ്യാര്‍ഥികളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്കോ സംഘടനകളിലേക്കോ അടുപ്പിക്കുന്നതിനായി സാമൂഹിക പ്രശ്നങ്ങള്‍ ഉപയോഗിക്കുക, അനധികൃത ക്രൗഡ് ഫണ്ടിങ് പോലെയുള്ള തട്ടിപ്പ് പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തിഗത നേട്ടമുണ്ടാക്കാന്‍ സാമൂഹിക പ്രശ്നങ്ങളെ ചൂഷണം ചെയ്യുക എന്നിവ ഈ വിഭാഗത്തിൽ വിലക്കിയ കാര്യങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.