ദുബൈ: ഖത്തറിന്റെ മണ്ണിൽനിന്ന് ദുബൈയിലേക്ക് സാഹസിക ബൈക്ക് യാത്രയുമായി 16 അംഗ സംഘം. ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദ ട്രൈബ് മോട്ടോർ സൈക്കിൾ ക്ലബിന്റെ നേതൃത്വത്തിലാണ് എട്ട് മലയാളികൾ അടങ്ങുന്ന ടീം ദുബൈയിലെത്തിയത്. അഞ്ചുദിവസത്തെ യു.എ.ഇ പര്യടനത്തിന് ശേഷം റൈഡർമാർ തിങ്കളാഴ്ച ഖത്തറിലേക്ക് മടങ്ങും.
ഹമദ് മജീദിന്റെ നേതൃത്വത്തിലാണ് ഇന്ത്യക്കാരും വിദേശികളും അടങ്ങുന്ന സംഘം ബൈക്കിൽ ചുറ്റിക്കറങ്ങാനിറങ്ങിയത്. നഈം നാദിർഷ (കൊച്ചി), ഡോണി (ചങ്ങനാശ്ശേരി), എൽജോ ജോണി (പറവൂർ), ജവാദ് (തലശ്ശേരി), റിയാസ് അഹമ്മദ് (ആലപ്പുഴ), ആന്റണി (തൃശൂർ), സജയ് (തൃശൂർ) എന്നിവരാണ് സംഘത്തിലെ മലയാളി സാന്നിധ്യം. ഇവർക്കുപുറമെ തുർക്കിയ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ളവരുമുണ്ട്. ആവേശവും സാഹസികതയുമാണ് ഇവരെ ഖത്തറിൽനിന്ന് ദുബൈയിലെത്തിച്ചത്. ബുധനാഴ്ച വൈകീട്ടാണ് ദോഹയിൽനിന്ന് യാത്ര തുടങ്ങിയത്. സൗദി വഴി യു.എ.ഇയിൽ എത്തിയ ഇവർ ആദ്യദിനം അബൂദബിക്ക് മുമ്പുള്ള മിർഫയിലായിരുന്നു താമസം. ജബൽ ഹഫീത്ത് മലനിരകളിലേക്ക് ബൈക്കുമായി പാഞ്ഞ സംഘം അടുത്ത ദിവസം ദുബൈയിലെത്തി. ഷാർജയിലെ ഖോർഫക്കാൻ ചുറ്റിത്തിരഞ്ഞശേഷം തൊട്ടടുത്ത ദിവസം ദുബൈ എക്സ്പോ സിറ്റിയിൽ നടന്ന കസ്റ്റം ഷോയിൽ പങ്കെടുത്തു. മോഡിഫൈഡ് ബൈക്കുകളുടെയും കാറുകളുടെയും മേളയായ കസ്റ്റം ഷോ കാണുക എന്നത് യാത്രയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു.
യു.എ.ഇയിൽ വരണമെന്ന് കുറേ നാളായുള്ള ആഗ്രഹമായിരുന്നെങ്കിലും പല കാരണങ്ങളാൽ വൈകുകയായിരുന്നുവെന്ന് സംഘത്തലവൻ ഹമദ് മജീദ് പറയുന്നു. ഫുട്ബാൾ ലോകകപ്പിന്റെ ആരവമൊഴിഞ്ഞതോടെയാണ് യാത്രക്ക് വഴിതെളിഞ്ഞതെന്നും ഹമദ് പറഞ്ഞു. 50ൽ കൂടുതൽ അംഗങ്ങളുള്ള ക്ലബാണ് ദ ട്രൈബ് എം.സി. ക്ലബിന്റെ പത്താം വാർഷികം പ്രമാണിച്ചാണ് ഇത്തരമൊരു യാത്രക്ക് പദ്ധതിയിട്ടത്. ക്ലബിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. ചൂടുകൂടുന്നതിനാൽ പകൽ ബൈക്ക് യാത്ര കഠിനമാണ്. അതിനാൽ രാത്രിയാണ് ഇവരുടെ യാത്ര കൂടുതലും. ഖത്തറിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ്. ആഴ്ചയിൽ രണ്ടുദിവസമെങ്കിലും റൈഡ് നടത്താറുണ്ട്. തിങ്കളാഴ്ച അതിർത്തിയിൽ തങ്ങുന്ന സംഘം വൈകീട്ടോടെ ദോഹയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.