മികച്ച കോളേജ് അലുംനിക്ക് ‘കമോൺ കേരള’യിൽ ആദരമൊരുക്കുന്നു
text_fieldsദുബൈ: കലാലയ ജീവിതത്തിന്‍റെ സൗഹൃദത്തെ പ്രവാസത്തിലേക്ക് ചേർത്തുവെച്ച് സാമൂഹിക ബന്ധങ്ങൾക്ക് കരുത്തുപകരുന്ന ഏറ്റവും മികച്ച കോളേജ് അലുംനി കൂട്ടായ്മക്ക് ‘കമോൺ കേരള’യുടെ പ്രൗഢ വേദിയിൽ ആദരമൊരുക്കുന്നു. ‘അലുംനി ഇംപാക്ട് അവാർഡ്’ എന്ന പേരിലാണ് മികച്ച അലുംനിയെ തെരഞ്ഞെടുത്ത് ആദരിക്കുന്നത്. യു.എ.ഇ 2025നെ ‘സാമൂഹിക വർഷ’മായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് സംരംഭം നടപ്പിലാക്കുന്നത്.
സാമൂഹിക, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള പദ്ധതികളാണ് വർഷാചരണത്തിന്‍റെ രാജ്യത്ത് നടപ്പാക്കുന്നത്. ഈ സാഹചര്യത്തിൽ കുടുംബ സൗഹൃദങ്ങൾ ശക്തമാക്കുന്നതിലും സന്നദ്ധ പ്രവർത്തനമടക്കം സാമൂഹിക ഇടപെടലുകളിലും അലുംനികൾ നൽകുന്ന സംഭാവനകളെ ആദരിക്കുകയാണ് അവാർഡ് ലക്ഷ്യമിടുന്നത്. മേയ് 9, 10, 11 തിയ്യതികളിൽ ഷാർജ എക്സ്പോ സെൻററിലാണ് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മുഖ്യ രക്ഷാകർതൃത്വത്തിൽ ‘കമോൺ കേരള’ ഏഴാം എഡിഷൻ അരങ്ങേറുന്നത്. മേളയുടെ വേദിയിൽ പ്രമുഖരുടെ സാന്നിധ്യത്തിലാണ് മികച്ച കോളേജ് അലുംനിയുടെ പ്രഖ്യാപനവും അവാർഡ്ദാനവും നടക്കുക.
യു.എ.ഇയിൽ പ്രവർത്തിച്ചുവരുന്ന കേരളത്തിലെ കോളേജ് അലുംനി അസോസിയേഷനുകളെയാണ് ‘അലുംനി ഇംപാക്ട് അവാർഡി’നായി പരിഗണിക്കുന്നത്. അവാർഡ് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന കൂട്ടായ്മകൾ ഏപ്രിൽ 10ന് മുമ്പായി അപേക്ഷ നൽകണം. കൂട്ടായ്മയെ കുറിച്ചും വൈവിധ്യമാർന്ന പ്രവർത്തനങ്ങളെ കുറിച്ചും പ്രാഥമികമായ വിവരങ്ങൾ അപേക്ഷക്കൊപ്പം സമർപ്പിക്കണം. സാമൂഹിക പ്രധാനമായ പ്രവർത്തനങ്ങൾ, കുടുംബ സംഗമങ്ങൾ, കായിക പരിപാടികൾ, പരിസ്ഥിതി-സുസ്ഥിരത എന്നിവക്കായുള്ള പദ്ധതികൾ, ആരോഗ്യ-വിദ്യഭ്യാസ മേഖലകളിലെ ഇടപെടലുകൾ, കോളേജിന് വേണ്ടി നടത്തിയ ഇടപെടലുകൾ, കാരുണ്യപ്രവർത്തനങ്ങൾ എന്നിവയെല്ലാം ഇടപെടലുകളായി പരിഗണിക്കപ്പെടും.
2024 മാർച്ച് മുതൽ 2025 മാർച്ച് വരെയുള്ള പ്രവർത്തനങ്ങളാണ് വിലയിരുത്തുക. പ്രവർത്തനങ്ങൾ യു.എ.ഇയിലെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടായിരിക്കണം. അപേക്ഷകരിൽ നിന്ന് ഏറ്റവും മികച്ചുനിൽക്കുന്ന 10 അലുംനി അസോസിയേഷനുകളെ അവാർഡിനായുള്ള അവസാനഘട്ടത്തിലേക്ക് തെരഞ്ഞെടുക്കും. അന്തിമ പട്ടികയിൽ ഇടംപിടിക്കുന്ന ഈ അസോസിയേഷനുകളെ കുറിച്ച് ‘ഗൾഫ് മാധ്യമം’ പ്രത്യേക സ്റ്റോറി പ്രസിദ്ധീകരിക്കും. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ സ്റ്റോറി പ്രസിദ്ധീകരിച്ച ശേഷം ഓൺലൈൻ വോട്ടിങിൽ അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകും. വോട്ടിങിലെ മികവും വിദഗ്ധരടങ്ങുന്ന പാനലിന്‍റെ അഭിപ്രായവും കൂടി പരിഗണിച്ചാണ് ജേതാവിനെ തെരഞ്ഞെടുക്കുക. അപേക്ഷാ ലിങ്ക്: https://forms.gle/VrM834czn4ZgQyw97

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.