ദുബൈ: കഥപറച്ചിലിലൂടെ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പ്ലാറ്റ്ഫോം അവതരിപ്പിച്ച് ശൈഖ ശമ്മ ബിൻത് സുൽത്താൻ.
മാറ്റങ്ങൾ കൊണ്ടുവന്നവരുടെ വീരോചിതമായ കഥകളാണ് ‘കാലാവസ്ഥ ഗോത്രം’ എന്ന പ്ലാറ്റ്ഫോമിലൂടെ അവതരിപ്പിക്കുക. മാറ്റങ്ങൾ ഉണ്ടാക്കിയവർ, നൂതന കണ്ടുപിടിത്തം നടത്തിയവർ, ലോകമെമ്പാടുമുള്ള മനുഷ്യ സ്നേഹികൾ തുടങ്ങിയവരുടെ പ്രചോദിതമായ കഥകളിലൂടെ ആഗോളതലത്തിൽ കാലാവസ്ഥ വ്യതിയാനത്തിനെതിരായ ബോധവത്കരണം ശക്തമാക്കാനാണ് തീരുമാനം. യു.എൻ ജനറൽ അസംബ്ലിയുടെയും കാലാവസ്ഥ വാരത്തിന്റെയും ഭാഗമായി ന്യൂയോർക്ക് സിറ്റിയിൽ വെള്ളിയാഴ്ച നടന്ന പരിപാടിയിലാണ് ശൈഖ ശമ്മ ബിൻത് സുൽത്താൻ പുതിയ ആശയം പ്രഖ്യാപിച്ചത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി സമൂഹത്തിന് അവിശ്വസനീയമായ മാറ്റങ്ങൾ കൊണ്ടുവന്നവരുടെ എണ്ണിയാലൊടുങ്ങാത്ത കഥകൾ നമ്മൾ കേൾക്കുന്നു. എന്നാൽ, അതിൽ പലതും ഇനിയും വെളിപ്പെട്ടില്ല. അത്തരം കഥകളുടെ സത്യസന്ധമായ വിവരണം പങ്കുവെക്കാനുള്ള ഭൗതികവും ഡിജിറ്റലുമായ ഇടം സൃഷ്ടിക്കുക മാത്രമല്ല, പുതിയ ആശയം കൊണ്ടുദ്ദേശിക്കുന്നത്. മറിച്ച് മറ്റുള്ളവർക്ക് കൂടി പ്രചോദനമാകുന്ന രീതിയിൽ അവതരിപ്പിക്കാനും കഴിയണം.- ശൈഖ ശമ്മ ബിൻത് പറഞ്ഞു.
ബദൽ ഊർജം മുതൽ സുസ്ഥിരമായ സാമ്പത്തിക വ്യവസ്ഥയിലേക്ക് നയിക്കുന്ന വിത്യസ്തമായ ആശയങ്ങൾ ഉൾകൊള്ളുന്ന 14 തീമുകൾ അടങ്ങിയ ദൃശ്യ, സ്രാവ്യ ഉള്ളടക്കങ്ങളെ പുതിയ പ്ലാറ്റ്ഫോം സംയോജിപ്പിക്കും. അബൂദബിയിൽ ക്രിയേറ്റീവായ ഒരു കേന്ദ്രം ആരംഭിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ അന്തിമ രൂപം 2024ന്റെ തുടക്കത്തോടെ പുറത്തുവിടുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.