ദുബൈ: രാജ്യത്തുനിന്ന് അരിയുടെയും അരിയുൽപന്നങ്ങളുടെയും കയറ്റുമതിക്കും പുനർ കയറ്റുമതിക്കും നാലുമാസത്തേക്ക് വിലക്കേർപ്പെടുത്തി. വെള്ളിയാഴ്ച മുതൽ നിലവിൽവന്ന ഉത്തരവ് സാമ്പത്തിക മന്ത്രാലയമാണ് പുറത്തുവിട്ടത്. ഇന്ത്യ അരി കയറ്റുമതി നിർത്തിവെച്ചതിനാൽ പ്രാദേശിക വിപണിയില്‍ ആവശ്യത്തിന് അരി ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇയുടെ തീരുമാനം.
ഈ മാസം 20 നാണ് ഇന്ത്യ കയറ്റുമതി വിലക്കിയത്. അതേസമയം, കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിർബന്ധ സാഹചര്യങ്ങളിൽ അരി കയറ്റി അയക്കണമെങ്കിൽ ഇന്ന് മുതൽ പ്രത്യേക അനുമതി വാങ്ങണം. അരി കൊണ്ടുവന്ന ഉറവിടം, ഇടപാടുകൾ നടന്ന തീയതി എന്നിവ വ്യക്തമാകുന്ന രേഖകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്.
ഇന്ത്യയിൽനിന്നുള്ള അരിയോ അരിയുൽപന്നങ്ങളോ കയറ്റി അയക്കുന്നതിനും പ്രത്യേക അനുമതി വാങ്ങിയിരിക്കണം. സാമ്പത്തിക മന്ത്രാലയം ഇത്തരം സ്ഥാപനങ്ങളുടെ അപേക്ഷ പരിഗണിച്ച് ആവശ്യമെങ്കിൽ മാത്രം താൽകാലിക അനുമതി നൽകും. കയറ്റുമതി പെര്‍മിറ്റുകള്‍ക്ക് 30 ദിവസത്തെ സാധുതയുണ്ടായിരിക്കും.
യു.എ.ഇയിലേക്ക് അരി ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പുനർ കയറ്റുമതിക്കും വിലക്കുള്ളതിനാൽ മറ്റു രാജ്യങ്ങളിൽനിന്ന് യു.എ.ഇയിലെത്തുന്ന അരിയും അരിയുൽപന്നങ്ങളും കയറ്റി അയക്കാൻ കഴിയില്ല. വ്യത്യസ്തതരം അരിയുടെ കയറ്റുമതികളും വിലക്കിൽ ഉൾപ്പെടും.
അതേസമയം ഇന്ത്യയിലെ അരി കയറ്റുമതി നിയന്ത്രണം യു.എ.ഇ വിപണിയിലെ ലഭ്യതയെ ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് പ്രധാനമായും അരി ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിൽനിന്നാണെങ്കിലും മറ്റു വിപണികളിൽനിന്ന് കൂടുതൽ അരി കണ്ടെത്താൻ സാധിക്കുന്നതോടെ പ്രതിസന്ധിയെ മറികടക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനായി ഇറക്കുമതി സ്ഥാപനങ്ങൾ മറ്റു ഉൽപാദക രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ട്.
വിലയിലും വലിയ മാറ്റം ഇന്ത്യയിലെ നിയന്ത്രണം കാരണം രാജ്യത്തുണ്ടാകില്ലെന്നാണ് പ്രവചിക്കപ്പെടുന്നത്. ബസുമതി ഒഴികെ അരികൾക്കാണ് ഇന്ത്യ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. തായ്ലൻഡ്, വിയറ്റ്നാം, പാകിസ്താൻ, ആസ്ട്രേലിയ എന്നിവിടങ്ങളിൽനിന്ന് അരി കൂടുതലായി എത്തിക്കാനാണ് യു.എ.ഇയിലെ ഇറക്കുമതി സ്ഥാപനങ്ങൾ ശ്രമിക്കുന്നത്.
നിലവിൽ വേനൽകാല അവധി സമയമായതിനാൽ ചില്ലറ വ്യാപാര മേഖലയിൽ പൊതുവെ ഭക്ഷ്യവസ്തുക്കൾക്ക് ആവശ്യക്കാർ അൽപം കുറവാണ്. സ്കൂൾ തുറക്കുന്ന സമയമാകുമ്പോഴാണ് കുടുംബങ്ങൾ തിരിച്ചുവരാൻ തുടങ്ങുക. അപ്പോഴേക്കും ആവശ്യമായ അരി എത്തിക്കാൻ കഴിയുകയും ചെയ്യുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.