പുതു കാലത്തിനൊപ്പം മുഖം നവീകരിച്ചെങ്കിലും പഴമയുടെ പ്രൗഢി പ്രസരിപ്പിക്കുന്നതാണ് റാസല്‍ഖൈമയിലെ പുരാതന ചന്തകള്‍. ഓള്‍ഡ് റാസല്‍ഖൈമയിലെ കുവൈത്ത് ബസാര്‍, അല്‍ മ്യാരീദിലെ പാകിസ്താന് ബസാര്‍, അല്‍ നഖീല്‍, അല്‍ ജീര്, ശാം തുടങ്ങിയവയാണ് റാസല്‍ഖൈമയിലെ പേരു കേട്ട ബസാറുകള്‍. രാജ്യ വികസനത്തിനൊപ്പം വിവിധ പ്രദേശങ്ങളില്‍ സൂപ്പര്‍ - ഹൈപ്പര്‍ 'ചന്തകള്‍' ഒട്ടേറെ സ്ഥാപിതമായെങ്കിലും ഈ ബസാറുകളുടെ പ്രാധാന്യം ഉയര്‍ന്നു തന്നെ. കടലോരം ചേര്‍ന്ന അതിപുരാതന ചന്തയാണ് കുവൈത്ത് ബസാര്‍.
മുത്തുകളുടെയും ചിപ്പികളുടെയും ശില്പ്പചാതുരിയോടെയാണ് ബസാറിെൻറ പ്രവേശന കവാടം ഒരുക്കിയിരിക്കുന്നത്. പുറത്തേക്കുള്ള വഴിയില്‍ പൂര്‍വികരുടെ ജീവിത രീതികളെ ഓര്‍മിപ്പിക്കുന്ന പായ്കപ്പലിെൻറ ഓര്‍മകളുമായി അല്‍ സഫീന ദവാര്‍ (ബോട്ട് റൗണ്ടെബൗട്ട്). ആഘോഷ നാളുകളില്‍ കുടുംബങ്ങള്‍ക്കും സ്ത്രീകള്‍ക്കും മാത്രമായിരുന്നു അടുത്ത നാളുകള്‍ വരെയും കുവൈത്ത് ബസാറിലേക്ക് പ്രവേശനം.അബായ, ഊദ്, അത്തറുകള്‍, സ്വര്‍ണം, പച്ചമരുന്ന് കടകള്‍ തുടങ്ങിയവ ഇതിനുള്ളിലെ ആകര്‍ഷണം.
സ്വര്‍ണ -അബായ കടകളുടെ കേന്ദ്രമായാണ് അല്‍ മ്യാരീദിലെ പാകിസ്താന് ബസാര്‍ അറിയപ്പെടുന്നത്. ആഭരണങ്ങള്‍, മുത്തുകള്‍, കല്ലുകള്‍, സ്വര്‍ണ കട്ടികള്‍ തുടങ്ങിയവ ഇവിടെ ലഭിക്കുന്നു. പാകിസ്താന് ബസാര്‍ എന്നറിയപ്പെടുന്നെങ്കിലും മലയാളികളും വിവിധ രാജ്യക്കാരും ഇവിടെ കച്ചവടം നടത്തി വരുന്നു. ഒരു കാലത്ത് പരമ്പരാഗത കച്ചവടക്കാരുടെ കേന്ദ്രമായിരുന്ന അല്‍ നഖീല്‍ ബസാര്‍ ഇന്ന് പഴയ നഖീല്‍ അല്ല. നഖീല്‍ ബസാറിന് ചുറ്റിലുമായി വിവിധങ്ങളായ വാണിജ്യ കേന്ദ്രങ്ങള്‍ പുതുതായി വന്നെങ്കിലും റെഡിമെയ്ഡ്, കമ്പിളി വസ്ത്രങ്ങള്‍, മൊബൈല്‍, കമ്പ്യൂട്ടര്‍ വിപണന സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഇവിടെ സജീവമാണ്്. ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന അല്‍ജീര്‍, ശാം ചന്തകളുടെ പ്രവര്‍ത്തനം ഇന്നും പാരമ്പര്യ തനിമയോടെ തന്നെ.
അല്‍ ഗൈല്‍, അല്‍ ജസീറ അല്‍ ഹംറ, കോര്‍ക്വെയര്‍ തുടങ്ങിയ വ്യവസായ മേഖലകളും വിവിധ അറബ് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചും ചെറുതും വലുതുമായ കച്ചവട കേന്ദ്രങ്ങള്‍ റാസല്‍ഖൈമയില്‍ പ്രവര്‍ത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.