ദുബൈ: ഭിന്നശേഷിക്കാരനായി അഭിനയിച്ച് യാചന നടത്തിയിരുന്നയാൾ മൂന്നു ലക്ഷം ദിർഹവുമായി അറസ്റ്റിൽ. പള്ളികളിലും താമസസ്ഥലങ്ങളിലും യാചന നടത്തിയിരുന്നയാളെയാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്. കൃത്രിമമായി നിർമിച്ച കാലിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. സന്ദർശക വിസയിലാണ് ഇയാൾ ദുബൈയിലെത്തിയത്. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
റമദാനിൽ യാചകരുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ ദുബൈ പൊലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽനിന്നായി 70,000 ദിർഹം, 46,000 ദിർഹം, 44,000 ദിർഹം എന്നിങ്ങനെ തുകകളുമായി യാചകരെ പിടികൂടി. അടുത്തിടെ ഒരുമാസത്തെ സന്ദർശക വിസയിലെത്തിയ ഏഷ്യൻ വനിതയുടെ ലക്ഷം ദിർഹം കളവ് പോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ, ഇവർ യാചനയിലൂടെ ശേഖരിച്ചതാണ് ഈ തുകയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
90 ശതമാനം യാചകരും സന്ദർശക വിസയിലാണ് എത്തുന്നതെന്നും റമദാനിൽ ഇവരുടെ എണ്ണം വർധിക്കുമെന്നും സി.ഐ.ഡി ഡെപ്യൂട്ടി ഡയറക്ടർ സഈദ് സുഹൈൽ അൽ അയാലി പറഞ്ഞു. റമദാനിൽ ഇവരെ നിയന്ത്രിക്കുന്നത് സംബന്ധിച്ച് ചർച്ചചെയ്യാൻ ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യു.എ.ഇ സമ്പന്നരാഷ്ട്രമാണെന്നും ഇവിടെയുള്ളവരെല്ലാം സഹായിക്കുന്നവരാണെന്നും അറിഞ്ഞാണ് ഇവരുടെ വരവ്. ഇതിനെതിരെ ബോധവത്കരണം നൽകുന്നതിന്റെ ഭാഗമായി ‘കാരുണ്യത്തിന്റെ തെറ്റായ ആശയമാണ് ഭിക്ഷാടനം’ എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചിരുന്നു. കുട്ടികളെ ചൂഷണം ചെയ്യുന്നതിലേക്കും കവർച്ചയിലേക്കുമെല്ലാം ഭിക്ഷാടനം നയിക്കുന്നു. ഭൂരിപക്ഷം യാചകരും തട്ടിപ്പുകാരാണ്. റമദാനിൽ സന്ദർശക വിസയിലെത്തുന്ന അവർ പള്ളികൾതോറും കയറിയിറങ്ങുന്നു. അവരോട് സിംപതി കാണിക്കേണ്ട ആവശ്യമില്ല. സഹായം നൽകാൻ ആഗ്രഹിക്കുന്നവർ രാജ്യത്തെ അംഗീകൃത ജീവകാരുണ്യ സംഘടനകൾ വഴി നൽകണം. സമൂഹമാധ്യമങ്ങൾ വഴിയുള്ള യാചനയും സൂക്ഷിക്കണം. യാചകരെ നിരീക്ഷിക്കുന്നതിനായി പൊലീസ് നഗരത്തെ വിവിധ സോണുകളായി തിരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം റമദാനിൽ 604 യാചകരെയാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്. യാചനയുമായി ബന്ധപ്പെട്ട് 2235 ഫോൺ കാളുകളാണ് പൊലീസിന് ലഭിച്ചത്. പിടിയിലാകുന്നവർക്ക് 5000 ദിർഹം പിഴയും മൂന്നു മാസം വരെ തടവുമാണ് ശിക്ഷ. മറ്റു രാജ്യങ്ങളിൽനിന്ന് യാചകരെ എത്തിക്കുന്നവർക്ക് ലക്ഷം ദിർഹം പിഴയും മൂന്നു മാസം വരെ തടവും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.