ഷാർജ: വാക്കുകൾക്കപ്പുറത്തെ വാചാലത ആവിഷ്കരിക്കുന്ന നിശ്ശബ്ദ പുസ്തകങ്ങളുടെ പ്രദർശനത്തിന് ഷാർജ വേദിയാവുന്നു. യു.എ.ഇ ബോർഡ് ഒാൺ ബുക്സ് ഫോർ യങ് പീപ്പിളിെൻറ (യു.എ.ഇ.ബി.ബി.വൈ) ആഭിമുഖ്യത്തിൽ ആഗസ്റ്റിലാണ് മേള അരങ്ങേറുക. 2012ൽ ഇറ്റലിയിലെ ലാംപഡുസ ദ്വീപിലാണ് പ്രഥമ നിശ്ശബ്ദ പുസ്തകോത്സവം നടന്നത്. ലാംപഡുസയിലെ അഭയാർഥികളായ കുട്ടികൾക്ക് ചിത്രങ്ങൾ മാത്രം നിറഞ്ഞ പുസ്തകങ്ങൾ സമ്മാനിച്ച് ഭാഷാതിർത്തികളില്ലാതെ അറിവിെൻറയും സന്തോഷത്തിെൻറയും ലോകത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുസ്തകോത്സവം.
ഷാർജ ആർട്ട് ഫൗണ്ടേഷനിൽ ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന പുസ്തകമേള എട്ടാഴ്ച നീണ്ടുനിൽക്കും. 54 ചിത്രപുസ്തകങ്ങളായിരിക്കും പ്രദർശനത്തിലുണ്ടാവുക. അറബ് മേഖലയിൽനിന്നുള്ള മൂന്ന് പുസ്തകങ്ങളാണുണ്ടാവുക. പ്രഥമ നിശ്ശബ്ദ പുസ്തകോത്സവത്തിൽ പ്രദർശിപ്പിച്ചവയാണ് ബാക്കി 51 പുസ്തകങ്ങൾ. 18 രാജ്യങ്ങളിൽനിന്നുള്ളവയാണിത്.
ചിത്രഭാഷ സാർവലൗകികമാണെന്നും പറയപ്പെട്ടതും എഴുതപ്പെട്ടതുമായ വാക്കിനേക്കാൾ ഇതിന് ശക്തിയുണ്ടെന്നും യു.എ.ഇ.ബി.ബി.വൈ പ്രസിഡൻറ് മർവ ആൽ അഖ്റൂബി അഭിപ്രായപ്പെട്ടു. ഇത്തരം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ രചയിതാക്കൾക്കും പ്രസാധകർക്കും മേള പ്രോത്സാഹനമാകുമെന്ന് പ്രത്യാശിക്കുന്നു.
ചിത്രപുസ്തകങ്ങൾ ദൃശ്യസാക്ഷരത സമ്പുഷ്ടമാക്കുന്നു. സർഗാത്മകത, നിരൂപണ ബുദ്ധി, വിദ്യാഭ്യാസ നേട്ടം, സഹാനുഭൂതി എന്നിവ വർധിക്കാനും ഇവ ഉപകരിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.