ദുബൈ: വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം കഴിഞ്ഞവർ ബൂസ്റ്റർ ഡോസെടുക്കൽ അബൂദബിയിൽ നിർബന്ധം. ഇല്ലെങ്കിൽ അൽഹുസ്ൻ ആപിൽ 'പച്ച' തെളിയില്ല. അടുത്ത വെള്ളിയാഴ്ച മുതൽ എമിറേറ്റിൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഗ്രീൻപാസ് നിലവിൽ വരാനിരിക്കെയാണ് അബൂദബി ദുരന്തനിവാരണ സമിതി ബൂസ്റ്റർ ഡോസെടുക്കാൻ നിർദേശിച്ചത്. രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം പിന്നിട്ടവർക്ക് ബൂസ്റ്റർ സ്വീകരിക്കാൻ 30 ദിവസം ഗ്രേസ് പീരിയഡായി അനുവദിക്കും. എന്നാൽ, സെപ്റ്റംബർ 20നു മുമ്പ് ബൂസ്റ്റർ വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ അൽ ഹുസ്നിൽ സ്റ്റാറ്റസ് 'ഗ്രേ'യാകും. വാക്സിൻ പരീക്ഷണത്തിെൻറ ഭാഗമായവർക്ക് ഇതിൽ ഇളവനുവദിക്കും.
ആഗസ്റ്റ് 20 മുതൽ പൊതുയിടങ്ങളിൽ ഗ്രീൻപാസ് നിർബന്ധമാണെന്ന് ജൂലൈയിലാണ് അധികൃതർ പ്രഖ്യാപിച്ചത്. ഷോപ്പിങ് സെൻററുകൾ, റസ്റ്റാറൻറുകൾ, കഫേകൾ, മറ്റു ചെറുകിട ഔട്ട്ലെറ്റുകൾ, ജിമ്മുകൾ, വിനോദ സൗകര്യങ്ങൾ, കായികകേന്ദ്രങ്ങൾ, ഹെൽത്ത് ഹബുകൾ, റിസോർട്ടുകൾ, മ്യൂസിയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, തീം പാർക്കുകൾ എന്നിവിടങ്ങളിൽ നിബന്ധന ബാധകമാണ്. ഈ പട്ടികയിൽ സർവകലാശാലകൾ, സ്ഥാപനങ്ങൾ, പൊതു-സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വാക്സിൻ സ്വീകരിക്കുകയും പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ആവുകയും ചെയ്താൽ 30 ദിവസം വരെ അൽ ഹുസ്ൻ ആപിൽ ഗ്രീൻ പാസ് തെളിയും. കുത്തിവെപ്പെടുക്കുന്നതിൽ ഇളവുള്ളവർക്ക് പി.സി.ആർ പരിശോധന നെഗറ്റിവായി ഏഴുദിവസം വരെ 'പച്ച' തെളിയും. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എപ്പോഴും ഗ്രീൻ സ്റ്റാറ്റസ് ആയിരിക്കും. പി.സി.ആർ പരിശോധനയും ആവശ്യമില്ല. പുതിയ റെസിഡൻറ്സ് പെർമിറ്റ് എടുത്തവർക്ക് വാക്സിൻ സ്വീകരിക്കാൻ 60 ദിവസത്തെ ഗ്രേസ് പീരിയഡ് അനുവദിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.