അബൂദബി: ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗമായതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധി കൂടുതൽ കരുത്താർജിക്കുമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ. യു.എ.ഇയെ കൂട്ടായ്മയിൽ അംഗമാക്കിയ ബ്രിക്സ് സ്ഥാപകാംഗങ്ങളായ അഞ്ചു രാജ്യങ്ങൾക്ക് യു.എ.ഇയുടെ അഭിനന്ദനം അറിയിക്കുന്നതായും വിദേശകാര്യ മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക അഭിവൃദ്ധിക്കായി വികസ്വരവും വളർന്നുവരുന്നതുമായ സമ്പദ്വ്യവസ്ഥകളെ പ്രതിനിധാനം ചെയ്യുന്ന കൂട്ടായ്മകളുമായി നടത്തിയ ക്രിയാത്മകമായ ചർച്ചകളുടെ ഫലമാണ് ബ്രിക്സിലെ അംഗത്വം. സമാധാനം, സുരക്ഷ, ആഗോള വികസനം എന്നിവയെ അനുകൂലിക്കുന്ന ആഗോള രാജ്യങ്ങളുമായുള്ള ചർച്ചകൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബ്രിക്സ് കൂട്ടായ്മയിലേക്ക് ക്ഷണിച്ചതിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് നന്ദി അറിയിച്ചു.
ബ്രിക്സിലേക്ക് ക്ഷണിച്ച ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുടെ നിർദേശത്തെ അദ്ദേഹം വ്യാഴാഴ്ച എക്സിലൂടെ സ്വാഗതം ചെയ്തിരുന്നു. ആഗോള തലത്തിൽ യു.എ.ഇയുടെ സ്ഥാനം കൂടുതൽ ദൃഢമാക്കാൻ പുതിയ നീക്കം സഹായിക്കുമെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത്, ഇറാൻ, ഇത്യോപ്യ, അർജന്റീന എന്നീ ആറു രാജ്യങ്ങളെ ബ്രിക്സിൽ അംഗങ്ങളായി ക്ഷണിച്ചത്. ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജൊഹാനസ്ബർഗിൽ മൂന്നു ദിവസങ്ങളിലായി നടന്ന ബ്രിക്സ് ഉച്ചകോടിയിലാണ് അംഗങ്ങളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചത്. ബ്രിക്സ് അംഗരാജ്യങ്ങളുടെ എണ്ണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.