ദുബൈ: മുഹമ്മദ് ബിൻ റാശിദ് സിറ്റിയോട് ചേർന്നുള്ള ദുബൈ ഹിൽസ് എസ്റ്റേറ്റിലെ റസിഡൻഷ്യൽ മേഖലകളിലേക്ക് മെട്രോയുമായി ബന്ധിപ്പിച്ചുള്ള പുതിയ ബസ് സർവിസ് ആരംഭിക്കാനൊരുങ്ങി അതോറിറ്റി (ആർ.ടി.എ). ശൈഖ് സായിദ് റോഡിലെ ഇക്വിറ്റി മെട്രോ സ്റ്റേഷനിൽ നിന്നായിരിക്കും ബസ് സർവിസ് ആരംഭിക്കുകയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സർവിസിന്റെ സമയക്രമം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ആർ.ടി.എ പുറത്തുവിട്ടിട്ടില്ല. ഇക്വിറ്റി മെട്രോ സ്റ്റേഷനിൽനിന്ന് ആരംഭിക്കുന്ന സർവിസ് ഉമ്മു സുഖൈം റോഡിലൂടെയാകും കടന്നുപോകുകയെന്നാണ് സൂചന.
ദുബൈ ഹിൽസ് മാൾ, ബിസിനസ് പാർട്ട്, അകാസിയ1, പാർട്ട് ഹൈറ്റ്സ് 1, മൾബറി ഒന്ന്, രണ്ട്, കിങ്സ് കോളജ് ഹോസ്പിറ്റൽ ദുബൈ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാവും. പുതിയ സർവിസ് ആരംഭിക്കുന്നതിലൂടെ ദുബൈ ഹിൽസ് എസ്റ്റേറ്റുകളിലെ മാളുകളിലേക്കുള്ള സന്ദർശകർക്ക് മാത്രമല്ല, ജീവനക്കാരുടെ ദൈനംദിന യാത്രകൾക്ക് ഏറെ സഹായകമാവുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഈ മേഖലകളിലേക്ക് ബസ് സർവിസ് ഇല്ലാത്തതിനാൽ ടാക്സി കാറുകളെയാണ് സന്ദർശകരും മാളുകളിലെ ജീവനക്കാരും ആശ്രയിക്കുന്നത്.
ദുബൈയിൽനിന്ന് ഈ സ്ഥലങ്ങളിലേക്ക് പോകുന്ന സന്ദർശകരുടെ എണ്ണം അനുദിനം കൂടിവരുന്ന സാഹചര്യത്തിലാണ് പൊതു ഗതാഗത സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള ആലോചന ആർ.ടി.എയുടെ ഭാഗത്തുനിന്നുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.