അബൂദബി: സ്വന്തമായി നടത്തിവന്ന ബിസിനസ് തകർച്ചയും രോഗവും കേസും മൂലം ജീവിതം വഴിമുട്ടിയ മലയാളി അബൂദബി ശൈഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ. തൃശൂർ ചാഴൂർ ചെമ്മാനി കുഞ്ചാക്കൻ ശിവരാമനാണ് (73) പ്രായാധിക്യത്തോടൊപ്പം വിവിധ രോഗങ്ങളുമായി ആശുപത്രിയിലായത്. പ്രമേഹം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയവ മൂലം ബുദ്ധിമുട്ടുന്ന ശിവരാമൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായാൽ എവിടേക്ക് പോകുമെന്ന ചിന്തയിലാണിപ്പോൾ. കൈയിലാണെങ്കിൽ ഒരു ദിർഹം പോലുമില്ല. കേസുള്ളതിനാൽ നാട്ടിലേക്ക് പോകാനും കഴിയില്ല. പ്രമേഹം മൂലം മുറിച്ചു മാറ്റിയ ഒരു കാലും തളർന്ന ശരീരവുമായി കഴിയുന്ന ശിവരാമന് സ്വന്തം കാര്യങ്ങൾക്ക് ആരുടെയെങ്കിലും തുണ വേണം. 43 വർഷം മുമ്പാണ് മെക്കാനിക്കൽ എൻജിനീയറും ബിസിനസുകാരനുമായിരുന്ന ശിവരാമൻ പ്രവാസജീവിതം തുടങ്ങുന്നത്. വലപ്പാട് ശ്രാരാമ പോളി ടെക്നിക്കിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും പിന്നീട് ബോംബെ വിക്ടോറിയ ജൂബിലി ടെക്നോളജിക്കൽ ഇൻസ്്്റ്റിറ്റ്യൂട്ടിൽ (വി.ജെ.ടി.ഐ) നിന്ന് മെക്കാനിക്കൽ ബാച്ച്ലർ ഓഫ് എൻജിനീയറിങ് ബിരുദവും നേടിയാണ് 1977ൽ പ്രവാസ ജീവിതം ആരംഭിച്ചത്.
അബൂദബി കേന്ദ്രമായ അൽഐൻ എയർ കണ്ടീഷനിങ് റഫ്രിജറേറ്റർ കമ്പനി ഉടമയായിരുന്നു. മറ്റൊരു കോൺട്രാക്ടിങ് കമ്പനിക്കു കീഴിൽ 2010ൽ നടത്തിയ കരാർ ജോലിയിൽ 4.60 ലക്ഷം ദിർഹം കിട്ടാതെ വന്നതോടെയാണ് ശിവരാമൻ സാമ്പത്തികമായി തളർന്നത്. അബൂദബിയിലെ ഖാലിദിയയിൽ താമസിച്ചിരുന്ന കെട്ടിടത്തിെൻറ വാടക ഇതോടെ കുടിശ്ശികയായി. കെട്ടിട ഉടമ ബാങ്കിൽ നൽകിയ ചെക്ക് മടങ്ങി. അബൂദബി ക്രിമിനൽ കോടതിയിൽ 75,000 ദിർഹമിെൻറ വാർഷിക വാടക നൽകാനുള്ള ഈ കേസിപ്പോഴും നിലനിൽക്കുന്നു. ഇതിനു പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് അബൂദബി ശൈഖ് ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആൻജിയോ പ്ലാസ്്റ്റിലൂടെ ഹൃദയ വാൽവിലെ ബ്ലോക്കുകൾ നീക്കം ചെയ്യുകയുമായിരുന്നു.
അധികം വൈകാതെ പ്രമേഹ രോഗ ബാധിതനായി. ഇടതുകാലിലുണ്ടായ മുറിവ് ഉണങ്ങാതെ വന്നതിനെ തുടർന്ന് ആദ്യം ചെറു വിരലുകൾ നീക്കം ചെയ്തു. പിന്നീട് മുട്ടിനു താഴെ കാൽ മുറിച്ചു മാറ്റേണ്ട സ്ഥിതിയിലെത്തി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും തലചായ്ക്കാനിടമില്ലാതെ ബുദ്ധിമുട്ടിയപ്പോൾ പഴയ സുഹൃത്ത് സുഡാൻകാരനായ മുഹമ്മദ് ഹസ്സനാണ് സ്വന്തം ചെലവിൽ ഒരു വർഷമായി ബനിയാസിൽ താമസ സൗകര്യം നൽകിവരുന്നത്. അബൂദബി കേരള സോഷ്യൽ സെൻററാണ് ഭക്ഷണം എത്തിച്ചിരുന്നത്. മുസഫ ഇസ്്ലാമിക് കൾചറൽ സെൻററിലെയും പ്രവാസി ഇന്ത്യയുടെയും വളൻറിയർമാർ താമസസ്ഥലത്ത് ആവശ്യമായ ശുചീകരണവും മരുന്നും മറ്റു ആശുപത്രി സേവനങ്ങളും നൽകുന്നു. ഒരു വർഷത്തിലധികമായി വീൽചെയറിലും മുറിയിലുമായി ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ശിവരാമൻ രണ്ടു മാസത്തിനിടയിൽ രണ്ടുവട്ടം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയേണ്ടിവന്നു. സുമനസ്സുകളുടെ സഹായമുണ്ടെങ്കിലെ ഇപ്പോൾ ആശുപത്രിയിൽ കഴിയുന്ന ശിവരാമൻ ഡിസ്ചാർജായാൽ മുന്നോട്ടുള്ള ജീവിതം സുഗമമാകൂ. സ്വന്തം കമ്പനിയുടെ പേരിലുണ്ടായിരുന്ന വിസയുടെ കാലാവധി 2012 ആഗസ്റ്റ് 31ന് അവസാനിച്ചു. വാടക കുടിശ്ശിക സംബന്ധിച്ച കേസുള്ളതിനാൽ വിസ പിന്നീട് പുതുക്കാനായില്ല. ഇതിനിടയിൽ കുടുംബത്തെ നാട്ടിലേക്ക് അയച്ചു. 2017ൽ പാസ്പോർട്ടിെൻറ കാലാവധിയും കഴിഞ്ഞു. വിസയില്ലാത്തതിനാൽ പാസ്പോർട്ട് പുതുക്കാനും ആയില്ല. പാസ്പോർട്ടും വിസയും കാലാവധി കഴിഞ്ഞതിനാൽ ഇൻഷുറൻസും ഇല്ലാത്ത സ്ഥിതിയാണിപ്പോൾ.
ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ നിന്ന് ഔട്ട്പാസ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ സമ്മർദം ചെലുത്തിയെങ്കിലും കേസ് തീർപ്പാക്കിയ രേഖയുമായെത്തിയാൽ ഔട്ട്പാസ് നൽകാമെന്നാണ് അധികൃതർ അറിയിച്ചത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായാൽതന്നെ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ഡ്രസിങ്ങിനും ഫിസിയോ തെറപ്പിക്കും സ്വന്തം കാര്യങ്ങൾക്കുമെല്ലാം ആരുടെയെങ്കിലും സഹായം വേണ്ടിവരുന്ന സ്ഥിതിയാണ് ശിവരാമനുള്ളത്. സുമനസ്സുകളുടെ കനിവിൽ മാത്രമാണ് ഇനിയുള്ള പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.