ദുബൈ: ഹോട്ടലിലെ നീന്തൽകുളത്തിൽ വീണ് സ്വദേശിയുടെ മൂന്നുവയസ്സുകാരി മകൾ മരിച്ച സംഭവത്തിൽ മാനേജർ ഉൾപ്പെടെ അഞ്ച് ജീവനക്കാർക്ക് 10,000 ദിർഹം വീതം പിഴയും രണ്ടുമാസം തടവും ശിക്ഷ. കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് ദുബൈയിലെ അൽ ബർഷ ഹൈറ്റ്സിൽ നടന്ന സംഭവത്തിലാണ് ദുബൈ അപ്പീൽ കോടതി വെള്ളിയാഴ്ച വിധി പ്രസ്താവിച്ചത്.
പിഴ കൂടാതെ മരിച്ച കുട്ടിയുടെ ബന്ധുക്കൾക്ക് മുഴുവൻ പ്രതികളും ചേർന്ന് നഷ്ടപരിഹാരമായി രണ്ടുലക്ഷം ദിർഹം നൽകണമെന്നും കോടതി നിർദേശിച്ചു.
ലബനാൻ, കാനഡ, കാമറൂൺ, യുഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതികളിൽ ഹോട്ടൽ മാനേജറും രണ്ട് ലൈഫ് ഗാർഡുകളും ഉൾപ്പെടും.ശിക്ഷാകാലവധിക്കുശേഷം പ്രതികളെ നാടുകടത്തണമെന്ന വിചാരണക്കോടതി വിധി അപ്പീൽ കോടതി പിൻവലിക്കുകയും ചെയ്തു.
നീന്തൽകുളത്തിൽ മതിയായ സുരക്ഷ ഒരുക്കുന്നതിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കോടതി നേരത്തേ കണ്ടെത്തിയിരുന്നു. സംഭവദിവസം ഹോട്ടലിൽ തിരക്കുള്ള ദിവസമായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചിരുന്നു.
വൈകീട്ട് നാലോടെയാണ് കുട്ടി കളിക്കുന്നതിനിടെ നീന്തൽകുളത്തിലേക്ക് വീണത്.
കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തി, നീന്തൽ കുളത്തിൽ മതിയായ സുരക്ഷ ഒരുക്കണമെന്ന ദുബൈ മുനിസിപ്പാലിറ്റിയുടെ നിയമം പാലിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ, പ്രതികൾ കുറ്റം നിഷേധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.