ദുബൈ: ദുബൈയിലെ സ്കൂളുകൾ നാളെ മുതൽ പഴയപടിയാകുന്നു. എല്ലാ കുട്ടികളും ഞായാറാഴ്ച മുതൽ നേരിട്ട് ക്ലാസിലെത്തും. എക്സ്പോ തുടങ്ങിയതിനു പിന്നാലെ ദുബൈ പഴയ നിലയിലേക്ക് തിരിച്ചുവരുന്നതിെൻറ സൂചനകൾ നൽകുന്നതാണ് സർക്കാറിെൻറ തീരുമാനം. അതേസമയം, മറ്റ് എമിറേറ്റുകളിൽ ഓൺലൈനും ഓഫ്ലൈനുമായ ഹൈബ്രിഡ് പഠനരീതി തുടരും.
കഴിഞ്ഞ മാസമാണ് പുതിയ ടേം ആരംഭിച്ചത്. രക്ഷിതാക്കളുടെ താൽപര്യം അനുസരിച്ച് ഓൺലൈൻ പഠനത്തിനും ക്ലാസ് മുറി പഠനത്തിനും അവസരമുണ്ടായിരുന്നു. ഒക്ടോബർ മൂന്നു മുതൽ എല്ലാവരും ക്ലാസിലെത്തണമെന്നും അധികൃതർ അറിയിച്ചിരുന്നു. ഇതാണ് ഇപ്പോൾ നടപ്പാക്കുന്നത്. സ്കൂൾ തുറന്നശേഷം 75 ശതമാനം കുട്ടികളും നിലവിൽ ക്ലാസിൽ എത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. സെപ്റ്റംബർ വരെ ഇത് 50 ശതമാനമായിരുന്നു.
ദുബൈ നോളജ് ആൻഡ് ഹ്യൂമൻ െഡവലപ്മെൻറ് അതോറിറ്റിയുടെ നിരന്തര പരിശ്രമഫലമായാണ് സ്കൂളുകളിൽ നേരിട്ടുള്ള പഠനം തുടങ്ങാൻ പോകുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ 711 തവണ സ്കൂളുകൾ സന്ദർശിച്ചു. ഒരു സ്കൂളിൽ മൂന്ന് തവണയെങ്കിലും എത്തുകയും സുരക്ഷ പരിശോധനകൾ നടത്തുകയും ഒരുക്കം വിലയിരുത്തുകയും ചെയ്തു. ഭൂരിപക്ഷം സ്കൂളുകളും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ബാക്കിയുള്ള സ്കൂളുകൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. കുട്ടികെള സ്കൂളിൽ അയക്കുന്നതുമായി ബന്ധപ്പെട്ട് 75,000 രക്ഷിതാക്കൾക്കിടയിൽ സർവേ നടത്തിയിരുന്നു. 89 ശതമാനം പേരും അനുകൂലമായാണ് പ്രതികരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. 96 ശതമാനം അധ്യാപക- അനധ്യാപക ജീവനക്കാരും വാക്സിനേഷൻ പൂർത്തിയാക്കി. 12- 17 വയസ്സിനിടയിലുള്ള 70 ശതമാനം കുട്ടികളും വാക്സിനെടുത്തു.
അതേസമയം, ആരോഗ്യപരമായ പ്രശ്നങ്ങളുള്ള കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യമുണ്ടാകും. ഇവർ ദുബൈ ഹെൽത്ത് അതോറിറ്റിയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കുട്ടികൾ എത്തുന്നതോടെ വിവിധ പരിപാടികളും പുനരാരംഭിക്കാനും നിർദേശമുണ്ട്. കായിക പരിപാടികളും നീന്തലും തുടങ്ങാം. സ്കൂൾ ട്രിപ്പുകളും ക്യാമ്പുകളും വിനോദ സഞ്ചാരവും നടത്താം. അസംബ്ലികൾ ചേരുകയും കലാപരിപാടികൾ നടത്തുകയും ചെയ്യാം.
കുട്ടികൾക്ക് വാക്സിനേഷൻ നിർബന്ധമല്ല. എന്നാൽ, വാക്സിനെടുക്കാത്ത ജീവനക്കാർ ഓരോ ആഴ്ചയിലും കോവിഡ് പരിശോധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കുട്ടികൾക്ക് പരിശോധന ആവശ്യമില്ല. കുട്ടികൾ സ്കൂളിൽ മടങ്ങിയെത്തുേമ്പാൾ എല്ലാ വിധ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്നും സൗഹൃദവും സന്തോഷവും വിനോദവും നിറഞ്ഞ സുരക്ഷിതമായ അധ്യയന വർഷമാണ് പ്രതീക്ഷിക്കുന്നതെന്നും കെ.എച്ച്.ഡി.എ ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ കറാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.