അബൂദബി: ശൈത്യകാലത്തിന്റെ കടന്നുവരവോടെ രാജ്യത്ത് പകര്‍ച്ചപ്പനിയും കടുത്ത ചുമയും പടരുന്നു. പകര്‍ച്ചനി (ഇന്‍ഫ്ലുവന്‍സ) വ്യാപകമാവുകയാണ്. കുട്ടികളിലാണ് രോഗബാധ കൂടുതലായി പടരുന്നത്.
മുതിര്‍ന്നവരില്‍ കടുത്ത ചുമയും കഫക്കെട്ടും വര്‍ധിച്ചിട്ടുണ്ട്. ആസ്ത്മ, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ ഉള്ളവരില്‍ ഇൻഫ്ലുവന്‍സ എ, ബി, റെസ്പിറേറ്ററി സെന്‍സേഷനല്‍ വൈറസ് (ആര്.എസ്.വി) തുടങ്ങിയ വൈറസുകള്‍ കൂടുതല്‍ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ദിവസങ്ങള്‍ നീളുന്ന ശക്തമായ പനി, ജലദോഷം, തലവേദന, തലകറക്കം, തുമ്മല്‍, വിശപ്പില്ലായ്മ, ശരീരവേദന, കഫക്കെട്ട്, ഛര്‍ദി, വയറിളക്കം തുടങ്ങിയ ലക്ഷങ്ങളാണ് രോഗബാധിതരില്‍ കാണുന്നത്. ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് പകര്ച്ചനിയും ചുമയും സ്ഥിതി കൂടുതല്‍ ഗുരുതരമാക്കും. മിക്ക ആശുപത്രികളും പകര്‍ച്ചപ്പനി ബാധിച്ചവരെക്കൊണ്ടു നിറഞ്ഞിട്ടുണ്ട്. പരിശോധനയില്‍ കോവിഡ് പോസിറ്റിവ് ആകുന്നവരുമുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളെ സ്കൂളുകളില്‍ വിടരുതെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. മാസ്ക് ധരിച്ചും ശുചിത്വം പാലിച്ചും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതെയും ശ്രദ്ധിച്ചാല്‍ പരിധിവരെ പകര്‍ച്ചപ്പനിയെ പ്രതിരോധിച്ചു നിര്‍ത്താമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
തണുത്ത ഭക്ഷണവും വെള്ളവും പൂര്‍ണമായും ഒഴിവാക്കിയും കൃത്യമായി ആഹാരം കഴിച്ചും മതിയായ വിശ്രമമെടുത്തും ഡോക്ടറുടെ നിര്‍ദേശ പ്രകാരം മരുന്ന് കഴിച്ചും ആരോഗ്യ ശ്രദ്ധ പുലര്‍ത്താം. ശൈത്യകാലത്ത് പൊതുവേ കണ്ടുവരുന്ന രോഗമാണ് ഇൻഫ്ലുവന്‍സ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങളും മാസ്ക് ധരിച്ചിരുന്നതുമെല്ലാം കഴിഞ്ഞ വര്‍ഷങ്ങളില്‍ പകര്‍ച്ചപ്പനി വ്യാപിക്കുന്നതില്‍ കുറവുവരുത്തിയിരുന്നു.
അസുഖം ശ്രദ്ധയിൽപെട്ടാല്‍ അടിയന്തര ചികിത്സ തേടലാണ് പ്രധാനമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഫ്ലൂ വാക്സിന് ലഭിക്കും. അഞ്ചുവയസ്സിൽ താഴെയും 65 വയസ്സിനു മുകളിലുമുള്ളവര്‍, ഭിന്നശേഷിക്കാര്‍, ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് വാക്സിന് സൗജന്യമാണ്. അല്ലാത്തവര്‍ക്ക് 50 ദിർഹമാണ് ഫീസ്. ആറുമാസത്തിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കുത്തിവെപ്പെടുക്കാം. ഒമ്പതുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് നാല് ആഴ്ചയുടെ ഇടയില്‍ രണ്ട് ഡോസെടുക്കാം.
ശ്വാസ തടസ്സം, ആസ്ത്മ പോലുള്ള രോഗങ്ങളുള്ളവര്‍ ഫ്ലൂ വാക്സിനെടുത്ത്, രോഗം ഗുരുതരമാവാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.