ദുബൈ: സമൂഹമാധ്യമങ്ങൾ വഴി ഉപഭോക്താക്കളെ കണ്ടെത്തി കള്ളനോട്ട് വിൽപന നടത്തിയ സംഘത്തിന് ജയിൽ ശിക്ഷ. ഫെഡറൽ കാപിറ്റൽ പബ്ലിക് പ്രോസിക്യൂഷനാണ് കള്ളനോട്ട് സംഘത്തെ കണ്ടെത്തിയ കാര്യം വെളിപ്പെടുത്തിയത്.
ഡിസ്കൗണ്ട് നിരക്കിൽ യഥാർഥ നോട്ടുകൾ നൽകുന്നുവെന്ന് അവകാശപ്പെട്ടാണ് ഇവർ സമൂഹമാധ്യമങ്ങൾ വഴി പരസ്യം ചെയ്തത്. യഥാർഥ കറൻസി മൂല്യത്തേക്കാൾ 50 ശതമാനം വരെ നിരക്കിൽ ഇളവ് വാഗ്ദാനം ചെയ്താണ് പലരെയും കെണിയിൽപെടുത്തിയത്.
ഉപഭോക്താക്കളോട് പ്രത്യേക സ്ഥലത്ത് എത്താനും പണം കൈപ്പറ്റാനുമാണ് ആവശ്യപ്പെട്ടിരുന്നത്.
കള്ളനോട്ടുകൾ നൽകി പകരം യഥാർഥ ദിർഹം നോട്ടുകൾ വാങ്ങി മുങ്ങുന്നതാണ് ഇവരുടെ രീതി. ലഭിച്ചത് കള്ളനോട്ടാണെന്ന് ഇര അറിയുമ്പോഴേക്ക് തട്ടിപ്പുസംഘം സമൂഹ മാധ്യമങ്ങളിൽനിന്ന് അപ്രത്യക്ഷമായിരിക്കും. ലൈസൻസുള്ള സ്ഥാപനങ്ങളിൽ നിന്നല്ലാതെ കറൻസികൾ കൈപ്പറ്റരുതെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങൾ വഴി ഇത്തരം കാര്യങ്ങൾക്ക് ബന്ധപ്പെടുന്നവരെ കരുതിയിരിക്കണമെന്നും വേഗത്തിൽ പണമുണ്ടാക്കാൻ ആഗ്രഹിക്കുന്നവരെയാണ് ഇത്തരക്കാർ വലയിലാക്കുകയെന്നും അധികൃതർ കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങൾ ഉപയോഗപ്പെടുത്തി വിവിധ തട്ടിപ്പുകൾ വ്യാപകമാണ്. ഈ സാഹചര്യത്തിൽ കർശന നിരീക്ഷണവും നടപടികളുമാണ് അധികൃതർ സ്വീകരിച്ചുവരുന്നത്.
സമൂഹമാധ്യമങ്ങള്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴയും തടവും ശിക്ഷ ലഭിക്കുമെന്ന് പ്രോസിക്യൂഷന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അമിതലാഭം വാഗ്ദാനം ചെയ്യുന്ന പദ്ധതികൾ പ്രഖ്യാപിച്ചുള്ള തട്ടിപ്പുകളിൽ ആകൃഷ്ടരായി നിരവധി പേര്‍ക്ക് പണം നഷ്ടമായതായും നേരത്തേ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമ ഉപയോക്താക്കള്‍ ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.