ദുബൈ: ഇന്ത്യയിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ രക്ഷിതാക്കളെ നാട്ടിലേക്കയക്കാൻ മടിച്ച് പ്രവാസികൾ.പ്രായമായവരുടെ മരണം പെരുകുകയും ചികിത്സ കിട്ടാത്ത അവസ്ഥയുമായതോടെയാണ് മാതാപിതാക്കളുെട വിസ കാലാവധി നീട്ടിയെടുക്കുന്നത്. ട്രാവൽ ഏജൻസികളിൽ ഇത്തരക്കാർ വർധിക്കുന്നുണ്ടെന്ന് ഏജൻസികൾ പറഞ്ഞു.
കേരളത്തിൽ ദിവസേനയുള്ള മരണം 200 കടന്നു. കേരളത്തിൽ താരതമ്യേന ചികിത്സ ലഭിക്കുന്നുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ അതല്ല. ഓക്സിജൻ പോലും കിട്ടാനില്ല. നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ളവരാണ് കൂടുതലായും രക്ഷിതാക്കളെ അയക്കാൻ മടിക്കുന്നത്. യു.എ.ഇയിൽ മികച്ച ചികിത്സ സൗകര്യങ്ങളുണ്ട്. കോവിഡ് ബാധിതർ കുറഞ്ഞതിനാൽ ആശുപത്രിയിൽ പഴയ തിരക്കില്ല.
വാക്സിനും ഇവിടെ സുലഭമാണ്, പ്രത്യേകിച്ച് പ്രായമായവർക്ക്. നാട്ടിൽ രണ്ടാം ഡോസിന് മാസങ്ങൾ കാത്തിരിക്കണം. യു.എ.ഇയിൽ കൃത്യമായ ഇടവേളയിൽ സൗജന്യമായി വാക്സിൻ ലഭിക്കും. വിസ പുതുക്കൽ നടപടികളും എളുപ്പത്തിൽ നടക്കും. വീട്ടിലിരുന്ന് കുറഞ്ഞ ചെലവിൽ വിസിറ്റ് വിസ പുതുക്കാൻ സൗകര്യമുണ്ട്. ഇൻഷുറൻസ് അടക്കം 350 ദിർഹം നൽകിയാൽ ഒരുമാസത്തെ വിസയെടുക്കാം. മൂന്നു മാസത്തെ വിസ പുതുക്കാൻ 1300 ദിർഹം മുതലാണ് നിരക്ക്. 24 മുതൽ 48 വരെ മണിക്കൂറിനുള്ളിൽ വിസ പുതുക്കിക്കിട്ടും.
നാട്ടിലുള്ള മാതാപിതാക്കളെ ഇവിടേക്ക് എത്തിക്കാനുള്ള ശ്രമവും പ്രവാസികൾ നടത്തിയിരുന്നു. എന്നാൽ, യു.എ.ഇ യാത്രാവിലക്കേർപ്പെടുത്തിയതോടെ ഈ ശ്രമം പാളി. ഗോൾഡൻ വിസയുള്ളവർക്കും ബിസിനസുകാർക്കും യു.എ.ഇയിലെത്താം. ഇൗ മാർഗത്തിലൂടെയും പ്രായമായവരെ യു.എ.ഇയിൽ എത്തിക്കുന്നുണ്ട്. 70 വയസ്സിനു മുകളിൽ പ്രായമുള്ളവരെയാണ് നാട്ടിലേക്കയക്കാൻ മടിക്കുന്നത്. പ്രസവത്തിന് ഭാര്യമാരെ നാട്ടിലേക്കയക്കുന്നവരും കുറഞ്ഞു.
ഇൻഷുറൻസ് എടുത്ത ശേഷം ഇവിടെത്തന്നെ പ്രസവം നടത്താനാണ് കൂടുതൽ പേരുടെയും താൽപര്യം. നാട്ടിലെ സ്വകാര്യ ആശുപത്രികളിലും കോവിഡ് രോഗികൾ പെരുകുന്ന സാഹചര്യത്തിലാണ് പ്രസവം അടക്കം ഇവിടെ നടത്താൻ ആലോചിക്കുന്നത്. ഇൻഷുറൻസില്ലാത്തവരാണ് ഭാര്യമാരെ നാട്ടിലേക്ക് അയക്കുന്നത്. എന്നാൽ, ഇൻഷുറൻസില്ലാത്തവർക്കായി ആശുപത്രികൾ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.