ഷാർജ: എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതു ബജറ്റിന് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. 2025 വർഷത്തേക്ക് ഏകദേശം 4200 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് പ്രഖ്യാപിച്ചത്.
എമിറേറ്റിന്റെ സാമ്പത്തിക സുസ്ഥിരത, ജനങ്ങളുടെ മികച്ച ജീവിത നിലവാരം, സാമൂഹിക ക്ഷേമം എന്നിവയാണ് ഇത്തവണത്തെ ബജറ്റ് ലക്ഷ്യമിടുന്നതെന്ന് ഷാർജ ഗവൺമെന്റ് മീഡിയ ഓഫിസ് അറിയിച്ചു.
കൂടാതെ എമിറേറ്റിലെ സാമൂഹിക സുരക്ഷ, ഊർജം, ജലം, ഭക്ഷ്യ വിഭവങ്ങൾ എന്നിവയുടെ സുസ്ഥിരത വർധിപ്പിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. 2024നെ അപേക്ഷിച്ച് 2025 സാമ്പത്തിക വർഷത്തെ പൊതു ചെലവിൽ രണ്ട് ശതമാനം വർധന വരുത്തിയിട്ടുണ്ട്. ബജറ്റിന്റെ 27 ശതമാനം നീക്കിവെച്ചിരിക്കുന്നത് ഉദ്യോഗസ്ഥരുടെ ശമ്പളയിനത്തിലാണ്. മറ്റ് പ്രവർത്തനങ്ങളുടെ ചെലവിലേക്കായി 23 ശതമാനവും മാറ്റിവെച്ചിട്ടുണ്ട്. 20 ശതമാനം വരുന്ന മൂലധന പദ്ധതികളെ പിന്തുണക്കുന്ന നടപടികൾ തുടരുമെന്നും സർക്കാർ വ്യക്തമാക്കി.
കടം തിരിച്ചടവും പലിശ ബാധ്യതകൾക്കുമായി വകയിരുത്തിയിരിക്കുന്നത് 16 ശതമാനം തുകയാണ്. 2024നെ അപേക്ഷിച്ച് രണ്ട് ശതമാനം വർധനവാണ് ഇതിൽ വരുത്തിയിരിക്കുന്നത്. സർക്കാറിന്റെ സാമ്പത്തിക സ്ഥിരത നിലനിർത്തുകയും ബാധ്യതകൾ നിറവേറ്റാനുള്ള ശേഷി വർധിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിവിധ മേഖലകളെ പിന്തുണക്കുന്നതിനും തുക അനുവദിക്കുന്നതിനുമായി ബജറ്റിന്റെ 12 ശതമാനവും വകയിരുത്തിയിട്ടുണ്ട്. ഇത്തവണ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഏറ്റവും കൂടുതൽ തുക വകയിരുത്തിയത്. 41 ശതമാനം. നടപ്പു വർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനമാണ് വർധന.
ബജറ്റിന്റെ 27 ശതമാനം വകയിരുത്തിയിരിക്കുന്നത് സാമ്പത്തിക വികസന മേഖലകൾക്കാണ്. ഗവൺമെന്റ് അഡ്മിനിസ്ട്രേഷൻ, സാമൂഹിക വികസനം എന്നിവക്കായി 22 ശതമാനവും സുരക്ഷ മേഖലക്ക് 10 ശതമാനവും തുക വകയിരുത്തിയിട്ടുണ്ട്. അതേസമയം, 2024നെ അപേക്ഷിച്ച് വരുമാനത്തിൽ എട്ട് ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത്. പ്രവർത്തന മേഖലകളിൽ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം മൊത്തം വരുമാനത്തിന്റെ 74 ശതമാനം ആണ്. 2024നെ അപേക്ഷിച്ച് 16 ശതമാനം വർധനവാണ് കണക്കുകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.