ദുബൈ: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ടിക്കറ്റില്ലാത്തവരെ ദുബൈ വിമാനത്താവള ടെർമിനലുകളിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് അധികൃതർ തീരുമാനിച്ചു. യാത്രക്കാരുടെയും ജോലിക്കാരുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. വർഷത്തിൽ ഏറ്റവുമധികം യാത്രക്കാർ എയർപോട്ടിൽ എത്തുന്ന സമയമാണിത്. ഡിസംബർ 29നും ജനുവരി എട്ടിനുമിടയിൽ 20 ലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത്. ഒാരോ ദിവസവും ശരാശരി 1,78,000 യാത്രക്കാർ എത്തിച്ചേരും. ഈ സാഹചര്യം പരിഗണിച്ച് വിമാനത്താവളത്തിൽ പരമാവധി തിരക്ക് കുറക്കുന്നതിനാണ് ടിക്കറ്റില്ലാത്തവരുടെ പ്രവേശനം വിലക്കിയിരിക്കുന്നത്.
യാത്രക്കാരുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും എപ്പോഴും ഉപദേശിക്കുന്നത് വിമാനത്താവളത്തിൽ വരുന്നതിനുപകരം വീട്ടിലിരുന്ന് യാത്ര പറയണമെന്നാണെന്നും പകർച്ചവ്യാധിയുടെ സാഹചര്യവും തിരക്കേറിയ അവധിക്കാലവും കണക്കിലെടുക്കുമ്പോൾ ഇത് ഇപ്പോൾ കൂടുതൽ പ്രധാനമാണെന്നും വിമാനത്താവളം ടെർമിനൽ ഓപറേഷൻസ് വൈസ് പ്രസിഡന്റ് ഈസ അൽ ശംസി പറഞ്ഞു. വിമാനത്താവളത്തിന് അകത്തും പുറത്തും ആൾക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാൻ അടുത്ത 10ദിവസം എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി 10ഓടെയാണ് യാത്ര സീസൺ അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.