ദുബൈ: എമിറേറ്റിലെ ഭിന്നശേഷിക്കാർക്ക് വേണ്ടി 4.4 കോടി ദിർഹമിന്‍റെ സഹായം പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുയൈിലെ ഭിന്നശേഷി വിഭാഗക്കാരുടെ ശാക്തീകരണം ലക്ഷ്യം വെച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ താൽപര്യമനുസരിച്ചാണ് തുക അനുവദിച്ചത്. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി വിവിധ മേഖലകളിൽ വിജയം കൈവരിക്കാനും ദുബൈയുടെയും യു.എ.ഇയുടെയും വികസനത്തിന് ഇത്തരക്കാരുടെ സംഭാവനകൾ വർധിപ്പിക്കാനും സഹായ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
സാധ്യമാകുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കി ഭിന്നശേഷി വിഭാഗത്തിന് ഏറ്റവും മെച്ചപ്പെട്ട ജീവിത സാഹചര്യം സൃഷ്ടിക്കുവാനാണ് ആഗ്രഹിക്കുന്നതെന്ന് പദ്ധതി പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ പറഞ്ഞു. മറ്റുള്ളവരുടെ പിന്തുണ ആവശ്യമാകുന്ന രീതിയിൽ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന 60 വയസിന് താഴെയുള്ളവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. കിന്‍റർഗാർട്ടൻ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, യൂനിവേഴ്‌സിറ്റികൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഫീസ് പദ്ധതിയിൽ ഉൾപ്പെടും. ഷാഡോ ടീച്ചർമാർ, പരിചാരകർ, പേഴ്‌സണൽ അസിസ്റ്റന്‍റുമാർ, ആംഗ്യഭാഷാ വ്യാഖ്യാതാക്കൾ എന്നിവരെ നിയമിക്കുന്ന ചെലവുകളും സർക്കാർ വഹിക്കും. ഭിന്നശേഷിക്കാരുടെ പഠനത്തെ പ്രോൽസാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇത്തരക്കാരുടെ സുഗമമായ ജീവിതത്തിന് ആവശ്യമായ സഹായ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ലഭ്യമാക്കുന്നതിനും വിവിധ തരത്തിലുള്ള വൈകല്യമുള്ളവരെ ഉൾക്കൊള്ളാൻ ജോലിസ്ഥലത്തെ സജ്ജീകരിക്കുന്നതിനുള്ള ചെലവുകളും പദ്ധതിയിൽ ഉൾക്കൊള്ളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.