ദുബൈ: ക്രൂസ് കൺട്രോൾ നിയന്ത്രണം നഷ്ടമായ കാർ യാത്രക്കാരെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽവെച്ചാണ് കാറിന്റെ ക്രൂസ് കൺട്രോൾ പ്രവർത്തനരഹിതമായത്. ഡ്രൈവർ സംഭവം പൊലീസിന്റെ എമർജൻസി നമ്പർ റിപ്പോർട്ട് ചെയ്ത ഉടനെ പുറപ്പെട്ട പട്രോൾ സംഘം കാർ എക്സ്പോ പാലം പിന്നിട്ടതായി കണ്ടെത്തി.
തുടർന്ന് മറ്റ് വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ പൊലീസ് കാറിന്റെ ചുറ്റുമുള്ള ഭാഗങ്ങൾ സുരക്ഷിതമാക്കുകയും ചെയ്തു. സംഭവത്തിൽ ഭയന്നുപോയ ഡ്രൈവറെ ആശ്വസിപ്പിക്കുകയും ഇതിനിടെ ഒരു പൊലീസ് വാഹനം കാറിന്റെ മുന്നിൽ നിലയുറപ്പിക്കുകയും ചെയ്തു.
ക്രമേണ കാറിന്റെ വേഗം കുറഞ്ഞു. അതോടെ വാഹനം റോഡരികിലേക്ക് മാറ്റാൻ ഡ്രൈവർക്ക് നിർദേശം നൽകി. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ഭയപ്പെടാതെ ദുബൈ പൊലീസിന്റെ 999 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യണമെന്ന് ദുബൈ പൊലീസ് ഓപറേഷൻസ് അഫേഴ്സ് അസിസ്റ്റന്റ് കമാൻഡന്റ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.