ദുബൈ: കൊറിയർ ലിങ്ക് വഴി നടത്തിയ സൈബർ തട്ടിപ്പിൽ മലയാളിക്ക് നഷ്ടമായത് 26,354 ദിർഹം (ഏകദേശം അഞ്ചര ലക്ഷം രൂപ). തിരുവനന്തപുരം പാറശാല സ്വദേശി സാദിഖ് നിയാസിന്‍റെ അക്കൗണ്ടിൽനിന്നാണ് വൻ തുക നഷ്ടമായത്. കൊറിയർ സർവിസായ അരാമക്സിന്‍റേതെന്ന വ്യാജേന ലഭിച്ച ലിങ്ക് വഴിയാണ് തട്ടിപ്പ് അരങ്ങേറിയത്.
ഷാർജയിൽ സിവിൽ എൻജിനീയറായ സാദിഖ് ഓൺലൈൻ വെബ്സൈറ്റ് വഴി മകൾക്ക് വസ്ത്രങ്ങൾ ഓർഡർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അരാമക്സിന്‍റേതെന്ന വ്യാജേന എസ്.എം.എസ് ലഭിച്ചത്. താങ്കളുടെ കൊറിയർ ഡെലിവറിക്ക് തയാറാണെന്നും കൊറിയർ ചാർജായ 17.83 ദിർഹം താഴെ കാണുന്ന ലിങ്ക് വഴി അടക്കണമെന്നുമായിരുന്നു അറിയിപ്പ്. നേരത്തെ ഓൺലൈനിൽ വസ്ത്രം ബുക്ക് ചെയ്തിരുന്നതിനാൽ സംശയം തോന്നിയില്ല. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ലഭിച്ച പേമന്‍റ് ഗേറ്റ്വേ വഴി അബൂദബി കേന്ദ്രീകരിച്ചുള്ള ബാങ്കിന്‍റെ മാസ്റ്റർ കാർഡ് ഉപയോഗിച്ച് പണം അടക്കാൻ ശ്രമിച്ചു.
ഫോണിൽ എസ്.എം.എസ് ആയി ലഭിച്ച ഒ.ടി.പി നൽകിയതോടെ അക്കൗണ്ടിൽ നിന്ന് 26,354 ദിർഹം നഷ്ടപ്പെടുകയായിരുന്നു. ഓൺലൈനിൽ സാധനങ്ങൾ ബുക്ക് ചെയ്തതടക്കം പിന്തുടർന്നാണ് തട്ടിപ്പുകാർ പദ്ധതിയൊരുക്കിയതെന്ന് വ്യക്തം. പൊലീസിലും ബാങ്കിലും പരാതി നൽകി തുടർ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് സാദിഖ്.
പ്രവാസികളടക്കം നിരവധി പേരാണ് ഇത്തരം തട്ടിപ്പിന് ദിവസവും ഇരയാകുന്നത്. ബ്രാൻഡ് ഉൽപന്നങ്ങളുടെ ലോഗോ ദുരുപയോഗം ചെയ്തും തട്ടിപ്പ് അരങ്ങേറുന്നുണ്ട്. ഭക്ഷണ ഉൽപന്നങ്ങൾക്ക് ഓഫറുകൾ നൽകുന്നുവെന്ന വ്യാജേന ഫേസ്ബുക്ക് പേജുകളിലും മറ്റുമാണ് ഇത്തരം തട്ടിപ്പുകൾ അരങ്ങേറുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്ത് പണം അടക്കുന്നതോടെ വൻ തുക അക്കൗണ്ടിൽനിന്ന് നഷ്ടമാകും. കുറ്റവാളികളുടെ സർവർ പരിശോധിക്കുമ്പോൾ ഏതെങ്കിലും വിദേശ രാജ്യത്തായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.