ദുബൈ: ഇബ്ൻ ബത്തൂത്ത മാളിലെ പേർഷ്യ കോർട്ടിൽ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ)യുടെ പുതിയ ഫ്യൂച്ചർ കസ്റ്റമർ ഹാപ്പിനസ് സെന്റർ (സ്വയം സേവനം) തുറന്നു. ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ദീവയുടെ ഇന്നൊവേഷൻ ആൻഡ് ഫ്യൂച്ചർ വിഭാഗം എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് മർവാൻ ബിൻ ഹൈദർ, ബിസിനസ് ഡെവലപ്മെന്റ് ആൻഡ് എക്സലൻസ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് വലീദ് ബിൻ സൽമാൻ, ബിസിനസ് സപ്പോർട്ട് ആൻഡ് ഹ്യൂമൻ റിസോഴ്സസ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് യൂസുഫുൽ അക്റഫ് തുടങ്ങിയവരും അദ്ദേഹത്തെ അനുഗമിച്ചു.
നിർമിതബുദ്ധി (എ.ഐ), നൂതന സാങ്കേതിക വിദ്യകൾ എന്നിവയുടെ പിന്തുണയോടെ ഏറ്റവും മികച്ച ഡിജിറ്റൽ സർവിസുകളാണ് കസ്റ്റമർ സെന്റർ വാഗ്ദാനം ചെയ്യുന്നത്. ദീവ ഉദ്യോഗസ്ഥരുമായി ഉപഭോക്താക്കൾക്ക് സംവദിക്കാൻ കഴിയുന്ന വിഡിയോ ചാറ്റ് സ്ക്രീനുകളും ഇതിൽ ഉൾപ്പെടും. വിഡിയോ ചാറ്റ് ചെയ്യുന്നതിനായി സ്വകാര്യ കാബിനുകളും സജ്ജമാക്കിയിട്ടുണ്ട്.
നിർമിതബുദ്ധി പിന്തുണയിൽ പ്രവർത്തിക്കുന്ന ദീവയുടെ വെർച്വൽ ജീവനക്കാരൻ ‘റമ്മാസ്’, ചാറ്റ് ജി.പി.ടി, ബിൽ അടക്കുന്നതിനായി സി.ഡി.എം, ഇത്തിസലാത്ത് പേമെന്റ് മെഷീനുകൾ എന്നിവയും പുതിയ കസ്റ്റമർ സെന്ററിൽ സജ്ജമാക്കിയിട്ടുണ്ട്. ബധിരർക്ക് ആംഗ്യഭാഷയിലൂടെ സംവദിക്കാൻ കഴിയുന്ന ‘ആഷിർ’, ജലവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള മറ്റ് ടെക്നിക്കൽ സർവിസ് കേന്ദ്രങ്ങൾ എന്നിവയും ഇവിടെ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.