യാത്രക്ക്​ ഒരു മാസം മുമ്പ് വാക്സിനേഷനെടുക്കാമെന്ന് ഡി.എച്ച്.എ

ദുബൈ: വാക്സിനുകളുടെ ഫലപ്രാപ്തി ഉറപ്പാക്കാൻ യാത്രക്ക്​ ഒരു മാസം മുമ്പെങ്കിലും ആവശ്യമായ പ്രീ-ട്രാവൽ വാക്സിനേഷനുകൾ എടുക്കാൻ പ്രോത്സാഹനവുമായി ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ). എല്ലാ ഡി.എച്ച്.എ പ്രൈമറി ഹെൽത്ത് കെയർ സെൻററുകളിലും പ്രീ-ട്രാവൽ ഹെൽത്ത് സേവനങ്ങൾ ലഭിക്കുമെന്നും കൂടാതെ പ്രീ-ട്രാവൽ കൗൺസലിങ്​, റിസ്ക് അസസ്മെൻറ്​, വാക്സിനേഷനുകൾ, മരുന്നുകൾ എന്നീ സൗകര്യങ്ങൾ ലഭ്യമാണെന്നും ഡി.എച്ച്.എ അറിയിച്ചു.

യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾ കോവിഡ്-19 വാക്സിനെടുക്കുമ്പോൾ ആദ്യം ഉപദേശം തേടണമെന്നും നിലവിലെ ആരോഗ്യസ്ഥിതി, അലർജി പ്രശ്നങ്ങൾ എന്നിവ വിലയിരുത്തണമെന്നും അതിനനുസരിച്ച് വാക്സിനുമായി ബന്ധപ്പെട്ട് ഉപദേശം തേടാൻ കഴിയുമെന്നും സ്പെഷ്യലൈസ്ഡ് പ്രോഗ്രാം സർവിസ് ഡിപ്പാർട്ട്മെൻറ് ആക്ടിങ്​ ഡയറക്ടർ ഡോ. ആലിയ മുഹമ്മദ് അൽ ദല്ലാൽ പറഞ്ഞു.

പ്രത്യേക രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ നിർബന്ധിത വാക്‌സിനുകളുമുണ്ട്. ആഫ്രിക്ക, തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ മഞ്ഞപ്പനി വാക്സിൻ പോലുള്ള നിർബന്ധിത വാക്സിനുകൾ ഉണ്ട്. തെക്കേ അമേരിക്കയിലേക്കും മധ്യ ആഫ്രിക്കയിലേക്കുമുള്ള സന്ദർശകർ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നം മഞ്ഞപ്പനിയാണ്. രോഗികൾ തങ്ങളെ സന്ദർശിക്കുമ്പോൾ അവർ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ, താമസ കാലം, അവരുടെ ആരോഗ്യം, നിലവിലെ കുറിപ്പുകൾ, വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ചർച്ചചെയ്യുന്നു. വിശദ കൂടിയാലോചനക്ക്​ ശേഷം, വാക്സിനുകൾ ശിപാർശ ചെയ്യുന്നതിനൊപ്പം അവരുടെ ലക്ഷ്യസ്ഥാനം അടിസ്ഥാനമാക്കി മറ്റ് യാത്രാ മുൻകരുതലുകളെക്കുറിച്ച് അവരെ ബോധവത്​കരിക്കുകയും ചെയ്യുമെന്ന് ഡോ. ആലിയ മുഹമ്മദ് പറഞ്ഞു.

ലക്ഷ്യസ്ഥാനത്തെ ആശ്രയിച്ച് യാത്രക്കാർക്ക് കോവിഡ് പരിശോധന നടത്തേണ്ടതായി വന്നേക്കാം. എന്നാൽ, വാക്സിൻ എടുത്തവർക്ക് ഇതു ബാധകമല്ല. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകഴുകുകയോ കൈ വൃത്തിയാക്കുകയോ ചെയ്യുക തുടങ്ങിയ മുൻകരുതൽ പാലിച്ചാൽ മതിയാകും -ഡോ. ആലിയ മുഹമ്മദ് പറഞ്ഞു. രോഗം കൂടുതലുള്ള രാജ്യത്തേക്കാണ് യാത്രയെങ്കിൽ മലേറിയ പ്രതിരോധ ഗുളികകൾ പോലുള്ള രോഗപ്രതിരോധ മരുന്നുകളും ക്ലിനിക്കുകൾ നൽകുന്നുണ്ടെന്ന് ഡി‌.എ‌ച്ച്‌.എ പ്രാഥമികാരോഗ്യ മേഖലയിലെ ഫാമിലി മെഡിസിൻ ഫിസിഷ്യൻ ഡോ. ഫാത്തിമ അൽ മർസൂക്കി പറഞ്ഞു. ഭക്ഷണവും വെള്ളവും മൂലമുണ്ടാകുന്ന മിക്ക രോഗങ്ങളും ഉണ്ടാകുന്നത് ഭക്ഷണം തയാറാക്കുമ്പോഴോ മലിനമായ ജലസ്രോതസ്സുകളിൽ നിന്നോ ആണ്. യാത്രക്കിടെ ജലജന്യരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറക്കാൻ സുരക്ഷിതമായ ഭക്ഷണപാനീയങ്ങൾ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ആഗോള ആരോഗ്യ നിയന്ത്രണ നിയമമനുസരിച്ച്, അന്താരാഷ്​ട്ര വാക്സിൻ സർട്ടിഫിക്കേഷൻ നൽകാൻ സർക്കാർ കേന്ദ്രങ്ങൾക്ക് മാത്രമേ അധികാരമുള്ളൂവെന്നും ഡോ. ഫാത്തിമ അൽ മർസൂക്കി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT