അബൂദബി: ഗാര്‍ഹിക പീഡനത്തിനെതിരെ മൂന്നുമാസം നീളുന്ന കാമ്പയിനുമായി അബൂദബി നീതിന്യായ വകുപ്പിനു കീഴിലെ നിയമ, സമൂഹ ബോധവത്കരണ കേന്ദ്രം (മസൂലിയ). ‘അതിക്രമം കുടുംബ സുസ്ഥിരതയുടെ അന്ത്യം’ പ്രമേയത്തിലാണ് കാമ്പയിന് നടക്കുക. ഗാര്‍ഹിക പീഡനത്തിന്റെ പ്രതികൂല ഫലങ്ങളെക്കുറിച്ചും ഇവ എങ്ങനെ പ്രതിരോധിക്കാമെന്നും കുടുംബങ്ങളുടെ അവകാശങ്ങളും ബാധ്യതകളും കുറ്റംചെയ്യുന്നവര്ക്കുള്ള ശിക്ഷകളുമൊക്കെയാണ് കാമ്പയിനില്‍ ഉന്നയിക്കുന്ന വിഷയങ്ങൾ.
ഗാര്‍ഹിക അതിക്രമത്തിനെതിരെയുള്ള ബോധവത്കരണത്തിനായി ‘മസൂലിയ’ സമൂഹ മാധ്യമങ്ങളും മറ്റ് മാധ്യമങ്ങളും കാമ്പയിനിനായി ഉപയോഗപ്പെടുത്തുമെന്ന് അബൂദബി ജുഡീഷ്യല്‍ വകുപ്പ് അണ്ടര്‍ സെക്രട്ടറി യൂസുഫ് സഈദ് അല്‍ അബ്രി പറഞ്ഞു. സാമൂഹിക, വിദ്യാഭ്യാസ ഘടനയുടെ നിര്‍മിതിയില്‍ ഏറ്റവും പ്രധാന ഘടകമായതിനാല്‍ കുടുംബം നിലനിര്‍ത്തുന്നതിന്റെ മൂല്യം കാമ്പയിനില്‍ ഉയര്‍ത്തിക്കാട്ടുമെന്ന് ‘മസൂലിയ’ ഡയറക്ടര്‍ ഡോ. മുഹമ്മദ് റാഷിദ് അല്‍ ധന്‍ഹാനി പറഞ്ഞു.
ശക്തമായ കുടുംബം കുട്ടികളുടെ വ്യക്തിത്വവികാസത്തിന് സഹായിക്കുകയും ആചാരങ്ങളും സംസ്കാരങ്ങളും അവരെ പഠിപ്പിക്കുകയും ചെയ്യും. സുസ്ഥിര കുടുംബം ആത്മവിശ്വാസവും ആദരവും കുടുംബാംഗങ്ങള്‍ക്കിടയില്‍ പരസ്പരബഹുമാനവും വളര്‍ത്തും. ഇതെല്ലാം കുട്ടികളുടെ വിജയസാധ്യത വര്‍ധിപ്പിക്കുകയും രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് സംഭാവനകളര്‍പ്പിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.