ദുബൈ: ദുബൈ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജി.ഡി.ആർ.എഫ്.എ) ദുബൈ-എയർപോർട്ട് അതോറിറ്റിയും തമ്മിൽ സഹകരണ കരാർ ഒപ്പുവെച്ചു. യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും ദുബൈ വിമാനത്താവളങ്ങളെ ലോകത്തെ മുൻനിര വ്യോമയാന കേന്ദ്രമായി മാറ്റുന്നതിനും ലക്ഷ്യമിട്ടാണ് കരാർ. ജി.ഡി.ആർ.എഫ്.എ ദുബൈയുടെ പ്രധാന ഓഫിസിൽ നടന്ന ചടങ്ങിൽ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയും ദുബൈ വിമാനത്താവളങ്ങളുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പോൾ ഗ്രിഫിത്ത്സും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.
ദുബൈ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് സംയോജിതവും ഫലപ്രദവുമായ സേവനങ്ങൾ നൽകുന്നതിന് രൂപകൽപന ചെയ്ത ജി.ഡി.ആർ.എഫ്.എയുടെ നയങ്ങളെ പുതിയ കരാർ പിന്തുണക്കുമെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. ദുബൈയെ ലോകത്തിലെ മുൻനിര വിമാനത്താവളമായി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കരാറെന്ന് ദുബൈ എയർപോർട്ട് സി.ഇ.ഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു. ഈ സഹകരണം യാത്രക്കാർക്ക് കൂടുതൽ മികച്ചതും കാര്യക്ഷമവുമായ സേവനങ്ങൾ നൽകാൻ ഞങ്ങളെ സഹായിക്കും. ദുബൈ വിമാനത്താവളം വെബ്സൈറ്റിലെ ലിങ്കിലൂടെ സ്മാർട്ട് ഗേറ്റുകളിലെ രജിസ്ട്രേഷൻ പുരോഗതി അന്വേഷിക്കുന്ന പ്രക്രിയ പരിഷ്കരിക്കും. യാത്രക്കാർക്ക് എയർപോർട്ടുകളിൽ എത്തുന്നതിനുമുമ്പ് സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് മനസ്സിലാക്കാനും അവരെ അതിലേക്ക് നയിക്കാനും സേവനം സഹായിക്കും. ഇതുവഴി യാത്ര പ്രക്രിയ സുഗമമാക്കുകയും വേഗത്തിലാക്കുകയും ചെയ്യും. കൂടാതെ, വിമാനത്താവളങ്ങളിലെ സുരക്ഷ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും സുരക്ഷയും വർധിപ്പിക്കുന്നതിന് സഹകരണം സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.