ദുബൈ: യു.എ.ഇയിൽ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. ജൂലൈ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. പെട്രോളിന് വില കുറഞ്ഞപ്പോൾ ഡീസലിന് വില കൂടി.
സൂപ്പർ പെട്രോളിന് 15 ഫിൽസും സ്പെഷൽ 95 പെട്രോളിന് 14 ഫിൽസുമാണ് കുറഞ്ഞത്. ഇ പ്ലസ് 91ന് ഏഴ് ഫിൽസും കുറവ് വരുത്തിയിട്ടുണ്ട്. ജൂണിൽ സൂപ്പർ 98 പെട്രോളിന് 3.14 ദിർഹമായിരുന്നു വില.
സ്പെഷൽ 95 പെട്രോളിന് 3.02 ദിർഹമും ഇ പ്ലസ് 91ന് 2.95 ഉം ആയിരുന്നു നിരക്ക്. എന്നാൽ, ഡീസലിന് ഒരു ഫിൽസ് വർധിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ നിരക്ക് വ്യത്യാസപ്പെടുന്നതിന് ആനുപാതികമായാണ് യു.എ.ഇയിൽ ഓരോ മാസവും ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്. കഴിഞ്ഞ മാസവും ഇന്ധന വില കുറച്ചിരുന്നു. ഇന്ധന വിലയുടെ അടിസ്ഥാനത്തിൽ എല്ലാ എമിറേറ്റിലെയും ടാക്സി നിരക്കുകളിലും വ്യത്യാസം വരും.
ഇന്ധനവില പുതുക്കിയതിന് പിന്നാലെ അജ്മാനിൽ ടാക്സി നിരക്കും പുതുക്കി നിശ്ചയിച്ചു. സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി പുതുക്കിയ ടാക്സി നിരക്ക് പ്രഖ്യാപിച്ചത്. ഇതു പ്രകാരം ഓരോ കിലോമീറ്ററിനും 1.82 ദിർഹമായിരിക്കും ടാക്സി നിരക്ക്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നിരക്കിൽ ഒരു ഫിൽസിന്റെ കുറവ് വരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.