ദുബൈ: നവീകരണം അന്തിമഘട്ടത്തിലെത്തിയ ദുബൈ വിമാനത്താവളം റൺവേ ഈമാസം 22ന് തുറക്കും. നോർതേൺ റൺവേയുടെ നവീകരണം പാതി പിന്നിട്ടതായി എയർപോർട്ട് അധികൃതർ അറിയിച്ചു. ഇതോടെ, നിലവിൽ ദുബൈ അൽ മക്തൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട വിമാന സർവിസുകൾ ദുബൈ വിമാനത്താവളത്തിലേക്ക് തിരിച്ചെത്തും.
മേയ് ഒമ്പതിനാണ് അറ്റകുറ്റപ്പണിക്കായി റൺവേ അടച്ചത്. 1000ത്തോളം വാഹനങ്ങളും 3000ത്തോളം തൊഴിലാളികളും ചേർന്നാണ് നവീകരണ ജോലികൾ നിർവഹിക്കുന്നത്.
നോർതേൺ റൺവേയുടെ 4.5 കിലോമീറ്ററും അറ്റകുറ്റപ്പണികൾ നടത്തി. റൺവേ സ്ട്രിപ്പ്, ടാക്സി വേ പോയന്റ്, ഡ്രെയ്നേജ് സംവിധാനങ്ങൾ എന്നിവയും നവീകരിച്ചു. എയ്റോനോട്ടിക്കൽ ഗ്രൗണ്ട് ലൈറ്റിങ്, കാലാവസ്ഥ നിരീക്ഷണ ഉപകരണങ്ങൾ തുടങ്ങിയവ മാറ്റി സ്ഥാപിക്കുന്നുണ്ട്. വർഷങ്ങൾക്കുശേഷമാണ് ഇത്ര വിപുലമായ അറ്റകുറ്റപ്പണി നടത്തുന്നത്. 2014ലാണ് നവീകരിച്ചത്.
അടുത്ത നവീകരണം 2024ൽ ആണ് നടക്കേണ്ടിയിരുന്നത്. എന്നാൽ, കോവിഡ് കാലത്ത് വിമാന സർവിസ് നിർത്തിവെച്ചതോടെ വീണ്ടും നവീകരണം ആവശ്യമായി വന്നു.
റൺവേ അടച്ചതോടെ 1000ത്തോളം വിമാന സർവിസുകൾ അൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റിയിരുന്നു. ഫ്ലൈ ദുബൈ, സ്പൈസ് ജെറ്റ്, ഇൻഡിഗോ, ഗൾഫ് എയർ, എയർ ഇന്ത്യ എക്സ്പ്രസ്, ഖത്തർ എയർവേസ് എന്നിവയാണ് ഇവിടെ നിന്ന് സർവിസ് നടത്തുന്നത്.
ഇവിടേക്ക് ബസ് സർവിസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. 2019ൽ സതേൺ റൺവേ ഒന്നര മാസം അടച്ചിട്ട് നവീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.