ദുബൈ: മരണപ്പെട്ട് 100 വർഷം കഴിഞ്ഞിട്ടും മഹാകവി കുമാരനാശാനെ മലയാള സാഹിത്യലോകം ഓർമിക്കുന്നുണ്ടെങ്കിൽ അത് കവിതയുടെ ശക്തികൊണ്ടാണെന്ന് കവിയും ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ പറഞ്ഞു.
കാഫ് ദുബൈയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സിയിൽ സംഘടിപ്പിച്ച ‘കാഫ് കാവ്യചൈതന്യം’ എന്ന പരിപാടിയിൽ ആശാൻ ചരമശതാബ്ദി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഞാൻ ഇന്നത്തെ കവിയല്ല നാളത്തെ കവിയാണെന്നാന്ന് ആശാൻ പറഞ്ഞത്.
അത്രമാത്രം കവിത ആശാനിൽ ശക്തമായിരുന്നു. ആ ജീവിതത്തെ അടിമുടി സ്വാധീനിച്ചത് ശ്രീനാരായണഗുരുവാണ്. തുടക്കത്തിൽതന്നെ എസ്.എൻ.ഡി.പി യോഗത്തിന്റെ സെക്രട്ടറിയായ ആശാൻ സമൂഹത്തെ അറിഞ്ഞ കവിയായിരുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു. പ്രബന്ധരചന മത്സര വിജയികൾക്ക് പുരസ്കാര വിതരണവും നടത്തി.
ഉഷാ ഷിനോജ് സ്വാഗതം പറഞ്ഞു. മോഹൻ ശ്രീധരൻ അധ്യക്ഷതവഹിച്ചു. ഷാജഹാൻ തറയിൽ, സമരൻ തറയിൽ, സുനിൽ കുളമുട്ടം എന്നിവർ എം.ടിയെ അനുസ്മരിച്ച് സംസാരിച്ചു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, എസ്. ജയചന്ദ്രൻ നായർ എന്നിവരെ ഇ.കെ ദിനേശൻ അനുസ്മരിച്ചു.
സോണിയ ഷിനോയ് ആശംസ നേർന്നു. ആദ്യകാല പ്രവാസിയും സംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സമരൻ തറയിലിനെ പരിപാടിയിൽ ആദരിച്ചു. രമേഷ് പെരിമ്പിലാവ് അദ്ദേഹത്തെ സദസ്സിന് പരിചയപ്പെടുത്തി. റസീന കെ.പി വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും കെ. ഗോപിനാഥൻ പ്രബന്ധരചന മത്സരങ്ങളെക്കുറിച്ച് പറയുകയും ചെയ്തു. അഷറഫ് കാവുപുറം, അസി, ഷാഹിന എന്നിവർ നേതൃത്വം നൽകി. സി.പി അനിൽകുമാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.