ദുബൈ: പൊതുജനങ്ങളിൽ വായന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലൈബ്രറികൾ എന്നിവക്കായി 45,000 പുസ്തകങ്ങൾ സംഭാവന ചെയ്ത് മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി (എം.ബി.ആർ.എൽ). ‘വായനയുടെ ഒരു ലോകം’ എന്ന സംരംഭത്തിന്റെ ഭാഗമായാണ് വ്യത്യസ്ത വിഷയങ്ങളിലുള്ള അര ലക്ഷത്തോളം പുസ്തകങ്ങൾ എം.ബി.ആർ.എൽ സംഭാവന നൽകിയത്. ഇതിൽ 5000 പുസ്തകങ്ങൾ ദുബൈ, ഷാർജ, അജ്മാൻ, റാസൽ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിൽ പ്രവർത്തിക്കുന്ന സായിദ് വിദ്യാഭ്യാസ കോംപ്ലക്സുകളിലെ 11 സ്ഥാപനങ്ങൾക്കാണ് കൈമാറിയത്. 5100 പുസ്തകങ്ങൾകൂടി ഉടൻ വിതരണം ചെയ്യാനും പദ്ധതിയുള്ളതായി എം.ബി.ആർ.എൽ പ്രസ്താവനയിൽ അറിയിച്ചു.
സമൂഹത്തിൽ വായന സംസ്കാരം പ്രോത്സാഹിപ്പിക്കാനും അറിവ് വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പ്രാദേശിക തലത്തിലുള്ള പുസ്തക പ്രസാധകർ, പ്രത്യേക വിഷയങ്ങളിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന സ്ഥാപനങ്ങൾ, എഴുത്തുകാർ, സാഹിത്യകാരന്മാർ എന്നി വരുടെ സഹകരണത്തോടെ ‘വായനയുടെ ഒരു ലോകം’ സംരംഭം എം.ബി.ആർ.എൽ ആരംഭിച്ചിരിക്കുന്നത്. സ്കൂൾ ലൈബ്രറികൾ, വിദ്യാഭ്യാസ സ്ഥാനങ്ങൾ, വിവിധ വായന കേന്ദ്രങ്ങൾ, ക്ലബുകൾ, വായനശാലകൾ, സർക്കാർ വകുപ്പുകൾ എന്നിവിടങ്ങളിൽ കുട്ടികൾ, യുവാക്കൾ, മുതിർന്നവർ എന്നിവർക്കായി അറബിക്, ഇംഗ്ലീഷ് ഭാഷയിലുള്ള മൂല്യവത്തായതും വ്യത്യസ്തവുമായ പുസ്തകങ്ങൾ ലഭ്യമാക്കുകയെന്നതാണ് ‘വായനയുടെ ഒരു ലോകം’ എന്ന സംരംഭംകൊണ്ട് ലക്ഷ്യം വെക്കുന്നത്. അറബിക്, ഇംഗ്ലീഷ് കൂടാതെ കാഴ്ചപരിമിതർക്കായി ബ്രെയിലി ലിപിയിലുള്ള പുസ്തകങ്ങളും ലഭ്യമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.