ദുബൈ: ദുബൈ മെട്രോയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിെൻറ ഭാഗമായി 50 പുതിയ ട്രെയിനുകൾ കൂടി വരുന്നു.ഇതിൽ 15 എണ്ണം എക്സ്പോ നഗരിയിലേക്കുള്ള യാത്രക്കായിരിക്കും ഉപയോഗിക്കുക. ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽതായറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.നിലവിലുള്ളവയെ അപേക്ഷിച്ച് സവിശേഷതകളോടെയാണ് പുതിയ ട്രെയിൻ എത്തുന്നത്.
ഇൻറീരിയർ ഡിസൈനിൽ ഉൾപ്പെടെ മാറ്റമുണ്ട്. നിലവിലുള്ള ട്രെയിനുകളെക്കാൾ വിസ്താരം ഉൾഭാഗത്തിനുണ്ട്.അവസാന കാബിൻ വനിതകൾക്കും കുട്ടികൾക്കുമായി നീക്കിവെച്ചിരിക്കുന്നു. ഗോൾഡ് കാർഡ് ഉപഭോക്താക്കൾക്കായാണ് ആദ്യ കാബിൻ. മറ്റു കാബിനുകൾ സിൽവർ ഉപഭോക്താക്കൾക്കായി തുടരും. ഗോൾഡ് കാബിനുകളിലെ സീറ്റുകൾ വ്യത്യസ്തമായിരിക്കും. എല്ലാ കാബിനുകളിലെയും സീറ്റുകൾക്ക് നീളം കൂട്ടിയിട്ടുണ്ട്. ഇതോടെ എട്ടു ശതമാനം കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയും. നിലവിൽ 643 യാത്രക്കാരെ വഹിക്കാനാണ് ഓരോ ട്രെയിനുകൾക്കും ശേഷിയുള്ളത്. ഇത് 696 ആയി ഉയരും.
ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ താൽപര്യമുള്ളവർക്ക് കൂടുതൽ അവസരം ലഭിക്കുന്നതിനുള്ള സജ്ജീകരണം പുതിയ ട്രെയിനിലുണ്ട്.ലൈറ്റുകളിലും സ്ക്രീനുകളിലും എൽ.ഇ.ഡി സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാൽ വൈദ്യുതി ലാഭിക്കാനാവും.യാത്രക്കാർക്ക് ഉപകാരപ്പെടുന്നവിധം ലഗേജ് വെക്കാനുള്ള സൗകര്യം വർധിപ്പിച്ചിട്ടുണ്ട്. നിശ്ചയദാർഢ്യക്കാർക്ക് അനായാസം ട്രെയിനിനുള്ളിൽ പ്രവേശിക്കാൻ കഴിയും.എന്നാൽ, പുറമെയുള്ള കാഴ്ചയിൽ പുതിയ ട്രെയിനിെൻറ രൂപത്തിൽ മാറ്റംവരുത്തിയിട്ടില്ല. ദുബൈ മെട്രോയുടെ എല്ലാ ട്രെയിനുകൾക്കും ഏകരൂപം നൽകുന്നതിെൻറ ഭാഗമായാണിത്.
റാഷിദീയയിലെയും ജബൽ അലിയിലെയും മെട്രോ ഡിപ്പോകളിലാണ് ട്രെയിനുകൾ നിലവിൽ നിർത്തിയിട്ടിരിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന പരിശോധനകൾക്കു ശേഷമായിരിക്കും ട്രെയിനുകൾ എക്സ്പോ 2020 റൂട്ടിൽ സർവിസ് നടത്തുക. മൂന്നാം ഘട്ടത്തിൽ 14 തവണ യാത്രക്കാരില്ലാെത മെട്രോ സർവിസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.