ദുബൈ: അതിവേഗം വളരുന്ന നിർമിത ബുദ്ധി സാങ്കേതികവിദ്യ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിന് ദുബൈയുടെ വിപുലമായ പദ്ധതി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇത് സംബന്ധിച്ച പദ്ധതിയുടെ മാർഗരേഖ പുറത്തിറക്കി.
വിവിധ മേഖലകളിൽ ഡിജിറ്റൽ സൊല്യൂഷനുകൾ സ്വീകരിക്കാനും എമിറേറ്റിൽ സാമ്പത്തിക ഉൽപാദനക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് മാർഗരേഖ. പദ്ധതികളുടെ ആദ്യ ബാച്ചിന്റെ ഭാഗമായി ഒന്നാമതായി എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ചീഫ് എ.ഐ(ആർടിഫിഷ്യൽ ഇന്റലിജൻസ്) ഓഫിസർമാരെ നിയമിക്കും.
അതോടൊപ്പം, പുതിയ എ.ഐ കമ്പനി ലൈസൻസ് അവതരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം ഡേറ്റാ സെന്ററുകളെ ആകർഷിക്കുന്നതിനും പ്രവർത്തനക്ഷമമാക്കുന്നതിനുമുള്ള ഒരു സമഗ്ര പദ്ധതി നടപ്പാക്കുകയും ചെയ്യും. നഗരത്തിലെ നിർമിത ബുദ്ധി സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് എ.ഐയെ കുറിച്ച് അടിസ്ഥാനപരമായ അറിവുകൾ പകരാൻ സ്കൂളുകളിൽ ‘എ.ഐ വീക്ക്’ സംഘടിപ്പിക്കുകയും ചെയ്യും. നിർമിത ബുദ്ധി സ്ഥാപനങ്ങളും സംരംഭങ്ങളും വികസിപ്പിക്കുന്നതിന് പ്രത്യേക ഇൻകുബേറ്ററുകളും കാമ്പസുകളും നഗരത്തിൽ ആരംഭിക്കാനും പദ്ധതിയിൽ തീരുമാനിച്ചിട്ടുണ്ട്.
ഡിജിറ്റൽ മേഖലയിലൂടെ ദുബൈയുടെ സമ്പദ്വ്യവസ്ഥയിലേക്ക് 100 ശതകോടി ദിർഹം എത്തിക്കാനും സാമ്പത്തിക ഉൽപാദന ക്ഷമത 50 ശതമാനം വർധിപ്പിക്കാനും ദുബൈയുടെ സാമ്പത്തിക അജണ്ട ഡി-33ന്റെ പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുകയാണ് മൊത്തത്തിലുള്ള പദ്ധതി ലക്ഷ്യമിടുന്നത്.ദുബൈയുടെ ഡിജിറ്റൽ പരിവർത്തനത്തിന് തുടക്കം കുറിച്ച യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനെ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് എക്സ് പ്ലാറ്റ്ഫോമിൽ ശൈഖ് ഹംദാൻ പ്രശംസിച്ചു. അടുത്ത കാലത്തായി നിർമിതബുദ്ധിയുടെ പരിണാമം വളരെ വേഗത്തിലായിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താൻ കഴിവുള്ള രാജ്യങ്ങൾക്കും സർക്കാറുകൾക്കും നിരവധി അവസരങ്ങളുണ്ട്.
അതേസമയം, അതേ വേഗതയിൽ മുന്നേറാൻ സാധിക്കാത്തവർക്ക് വെല്ലുവിളികളുമുണ്ട്. അതിനാൽ സാങ്കേതികവിദ്യയിലും നിർമിതബുദ്ധിയിലും ദ്രുതഗതിയിലുള്ള മാറ്റങ്ങളോട് പ്രതികരിക്കുന്ന വേഗതയേറിയതും ശരിയായതുമായ പ്രവർത്തന പദ്ധതികൾ ആവശ്യമാണ് -ശൈഖ് ഹംദാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.