ദുബൈ: കാനഡയിലേക്ക് കപ്പലിൽ കടത്തുകയായിരുന്ന 2486 കിലോ ഗ്രാം കറുപ്പ് പിടികൂടി. ദുബൈ പൊലീസ് നൽകിയ വിവരം പിന്തുടർന്ന് കനേഡിയൻ അധികൃതർ നടത്തിയ തിരച്ചിലിലാണ് വൻ മയക്കുമരുന്ന് പിടികൂടിയത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽനിന്നാണ് കറുപ്പ് കണ്ടെടുത്തത്ത്. 19 ഷിപ്പിങ് കണ്ടെയ്നറുകളിലായി ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കടത്തുന്നതായ വിവരമാണ് ദുബൈ പൊലീസ് കൈമാറിയത്.
കാർഗോ കപ്പലിലെ 247 ഷിപ്പിങ് പെല്ലറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ആകെ 2486 കിലോ കറുപ്പാണ് കണ്ടെടുത്തതെന്ന് കാനഡ ബോർഡർ സർവിസസ് ഏജൻസി പ്രസ്താവനയിൽ അറിയിച്ചു. ഏകദേശം 13.8 കോടി ദിർഹം (305.25 കോടി രൂപ) വിലമതിക്കുന്നതാണ് പിടികൂടിയ മയക്കുമരുന്ന്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കറുപ്പ് പിടിച്ചെടുക്കലാണിതെന്ന് അധികൃതർ അറിയിച്ചു. ലോകമെമ്പാടുമുള്ള നിയമ നിർവഹണ ഏജൻസികളുമായി യു.എ.ഇ ശക്തമായ സഹകരണം തുടരുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് മയക്കുമരുന്ന് വേട്ടയെന്ന് ദുബൈ പൊലീസ് പറഞ്ഞു.
ലോകത്തെ പൊലീസ് ഏജൻസികളുമായി സുപ്രധാന ആശയവിനിമയം നിലനിർത്തുന്നതിനും രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങൾക്കെതിരായ ആഗോളപോരാട്ടത്തെ സഹായിക്കുന്നതിനും പൊലീസ് പ്രതിജ്ഞാബദ്ധമാണെന്നും വാർത്തക്കുറിപ്പിൽ കൂട്ടിച്ചേർത്തു. മയക്കുമരുന്ന് വേട്ടക്ക് സഹായിച്ച ദുബൈ പൊലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ആന്റി നാർകോട്ടിക്സ് വിഭാഗത്തെ കനേഡിയൻ വൃത്തങ്ങൾ നന്ദി അറിയിച്ചു. അന്താരാഷ്ട്രതലത്തിൽ നടക്കുന്ന വിവിധ മാഫിയകളെയും കുറ്റവാളികളെയും സ്ഥിരമായി പിന്തുടർന്ന് പിടികൂടുന്നതിൽ മുമ്പും യു.എ.ഇയിലെ പൊലീസ് സേനകൾ ശ്രദ്ധേയമായ സംഭാവനകളർപ്പിച്ചിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് അന്താരാഷ്ട്ര മനുഷ്യക്കടത്ത് മാഫിയ തലവനെ സുഡാനിൽ പിടികൂടുന്നതിന് യു.എ.ഇ നൽകിയ വിവരം സഹായിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.