ദുബൈ: ഞായറാഴ്ച ദുബൈ മെട്രോ സമയം നീട്ടി. പുലർച്ച മൂന്നു മുതൽ അർധരാത്രി 12 വരെ സർവിസ് ഉണ്ടാകുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഒരു മാസം നീളുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ഞായറാഴ്ച നടക്കുന്ന ദുബൈ റൈഡിന്റെ അഞ്ചാമത് എഡിഷനിൽ പങ്കെടുക്കുന്നവർക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായാണ് നടപടി.
ഫിറ്റ്നസ് ചലഞ്ചിലെ ഏറ്റവും ആകർഷകമായ ഒന്നാണ് ദുബൈ റൈഡ്. ആയിരക്കണക്കിന് കായികപ്രേമികളാണ് ദുബൈ റൈഡിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. റൈഡിൽ പങ്കെടുക്കാൻ സ്വന്തമായി സൈക്കിൾ ഇല്ലാത്തവർക്ക് സൗജന്യമായി സൈക്കിൾ അനുവദിക്കുമെന്ന് ഓൺലൈൻ സേവന ദാതാക്കളായ കരീം അറിയിച്ചിട്ടുണ്ട്.
ദുബൈ റൈഡിന്റെ റൂട്ടുകൾ ഞായറാഴ്ച രാവിലെ അഞ്ചിന് പൊതുജനങ്ങൾക്കായി തുറക്കും. സൈക്കിൾ യാത്രക്കാർ രാവിലെ 6.15ന് യാത്ര ആരംഭിച്ച് എട്ടിന് അവസാനിപ്പിക്കും. ശൈഖ് സായിദ് റോഡിലൂടെ 12 കിലോമീറ്റർ ദൂരത്തിൽ നടക്കുന്ന സൈക്കിൾ യാത്രയിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ പതിനായിരങ്ങൾ പങ്കെടുക്കും. സൈക്കിൾ യാത്രക്കാർ ചുരുങ്ങിയത് 30 കിലോമീറ്റർ വേഗത നിലനിർത്തണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.