ദുബൈ: ഭക്ഷണ വിതരണ ആപ്പിൽ ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കുന്നവരെ വാതിലിൽ മുട്ടിവിളിക്കുന്നത് ഇനി റോബോട്ടുകളായിരിക്കും. ദുബൈയിലാണ് വിപ്ലവകരമായ നൂതന സാങ്കേതികവിദ്യ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) യാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നഗരത്തിലെ പ്രധാന സാമ്പത്തിക മേഖലകളിലൊന്നായ ദുബൈ സിലിക്കൺ ഒയാസിസിലെ സെഡർ വില്ല മേഖലയിലാണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച് ഫുഡ് ഡെലിവറി ആപ്പായ തലബാത്തും ദുബൈ ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി(ഡി.ഐ.ഇ.ഇസെഡ്)യും ആർ.ടി.എയും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. തലബാത്തിനോട് സാദൃശ്യമുള്ള രീതിയിൽ ‘തലബോട്ടു’കൾ എന്നാണ് റോബോട്ടുകൾ അറിയപ്പെടുക.
പരീക്ഷണ ഘട്ടത്തിൽ സിലിക്കൺ ഒയാസിസിന്റെ ഹൃദയഭാഗത്തുള്ള സെഡർ വില്ലകളിൽ താമസിക്കുന്നവർക്ക് സേവനം നൽകുന്നതിനായി മൂന്ന് ‘തലബോട്ടു’കളാണ് പ്രവർത്തിക്കുക. സെഡർ ഷോപ്പിങ് സെന്റർ ലോഞ്ച് പോയിന്റിൽ നിന്ന് മൂന്നു കിലോമീറ്റർ ചുറ്റളവിലാണ് ‘തലബോട്ടു’കൾ സഞ്ചരിക്കുക. 15 മിനിറ്റിനകം ഓർഡർ ചെയ്തയാൾക്ക് ഭക്ഷണ ഡെലിവറി ഉറപ്പാക്കുന്നതായിരിക്കും സേവനം. കുറഞ്ഞ ദൂരത്തിലെ ഡെലിവറികൾ കാര്യക്ഷമമാക്കാനും മികച്ച സേവനം ഉറപ്പുവരുത്താനും കാർബൺ പുറന്തള്ളൽ കുറക്കാനും പദ്ധതി സഹായിക്കുമെന്ന് ആർ.ടി.എ വാർത്താകുറിപ്പിൽ പറഞ്ഞു.
നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പദ്ധതിയിൽ ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റോബോട്ടുകളിൽ സംവിധാനിച്ച വിവിധ ഇൻ-ബിൽറ്റ് സെൻസറുകളും നൂതന അൽഗോരിതങ്ങളും വഴി ചുറ്റുപാടുകൾ വിലയിരുത്താനും പാതയിലെ തടസ്സങ്ങൾ കണ്ടെത്താനും കഴിയും. പിഞ്ചുകുട്ടികളിൽ നിന്നും വളർത്തുമൃഗങ്ങളിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചാണിത് സഞ്ചരിക്കുക.
റസ്റ്റാറന്റുകളിൽനിന്ന് ഭക്ഷണം വില്ലകളുടെ പടിവാതിലിൽ എത്തിക്കുന്നതാണ് സംവിധാനം. തലബാത്തിന്റെ ആപ്പുമായി പൂർണമായി സംയോജിപ്പിച്ചതിനാൽ ഉപഭോക്താക്കൾക്ക് റോബോട്ടിന്റെ യാത്ര ട്രാക്ക് ചെയ്യാനും വില്ലക്ക് മുന്നിൽ എത്തുമ്പോൾ ആപ് വഴി അറിയാനും കഴിയും. ആപ്പിൽ പറയുന്ന നിർദേശങ്ങൾ അനുസരിച്ച് കണ്ടെയ്നർ തുറന്ന് തലബോട്ടിൽനിന്ന് ഭക്ഷണം കൈപ്പറ്റാം. നേരത്തേ പരീക്ഷണാർഥം പദ്ധതി എക്സ്പോ 2020 ദുബൈയിൽ അവതരിപ്പിച്ചിരുന്നു.
പദ്ധതി ഓൺലൈൻ ഭക്ഷണ വിതരണം, സ്മാർട്ട് മൊബിലിറ്റി എന്നിവയുടെ ഭാവിയിലേക്കുള്ള ഒരു കുതിച്ചുചാട്ടത്തിന്റെ ആരംഭമാകുമെന്ന് തലബാത്ത് യു.എ.ഇ മാനേജിങ് ഡയറക്ടർ തഷ്യാന റഹൽ പറഞ്ഞു. സിലിക്കൺ ഒയാസിസിലെ താമസക്കാർക്ക് സുസ്ഥിരവും തടസ്സമില്ലാത്തതുമായ ഡെലിവറി ലഭ്യമാക്കുന്നതിനായി തലബോട്ടുകൾ പുറത്തിറക്കുന്നതിൽ അഭിമാനവുമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പരീക്ഷണ വിജയത്തിനായി തങ്ങൾ ഉറ്റുനോക്കുകയാണെന്ന് സിലിക്കൺ ഒയാസിസ് ഡയറക്ടർ ജനറൽ ഡോ. ജുമാ അൽ മത്റൂഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.