ദുബൈ: എമിറേറ്റിൽ രാത്രി നീന്തിക്കുളിക്കാൻ അവസരമുള്ള മൂന്നു ബീച്ചുകളിലായി 18 മാസത്തിനിടെ എത്തിയത് 15 ലക്ഷം സന്ദർശകർ. ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖൈം 1 എന്നീ ബീച്ചുകളിലാണ് റെക്കോഡ് സന്ദർശകർ എത്തിയതെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. മൂന്നു ബീച്ചുകളിലായി ആകെ 800 മീറ്റർ നീളത്തിലാണ് രാത്രി നീന്താൻ സൗകര്യമുള്ളത്. രാത്രി നീന്തൽ ബീച്ചുകളിലെ ഉയർന്ന ജനപങ്കാളിത്തം പദ്ധതിയുടെ വിജയത്തെ പ്രതിഫലിപ്പിക്കുന്നതായി ദുബൈ മുനിസിപ്പാലിറ്റിയിലെ പബ്ലിക് ബീച്ചുകൾ, വാട്ടർ കനാൽ വിഭാഗം ഡയറക്ടർ ഇബ്രാഹിം ജുമ പറഞ്ഞു.
മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യ വിഭാഗം എന്നിവർക്ക് എളുപ്പത്തിൽ പ്രവേശനം സാധ്യമാക്കുന്ന രീതിയിലാണ് ബീച്ചുകളിലെ സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
വയോധികർക്കും നിശ്ചയദാർഢ്യ വിഭാഗങ്ങൾക്കും കടലിൽ കുളിക്കാൻ സൗകര്യമൊരുക്കുന്നതിനായി ഫ്ലോട്ടിങ് ചെയറുകളും പരിശീലനം നേടിയ രക്ഷാപ്രവർത്തകരെയും സജ്ജമാക്കിയിരുന്നു. കൂടാതെ സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്താനായി സാങ്കേതികമായ സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. 24 മണിക്കൂറും സുരക്ഷിതമായ നീന്തൽ സാധ്യമാക്കുന്നതിനായി പ്രത്യേക ലൈറ്റിങ് സംവിധാനങ്ങളും ഒരുക്കിയിരുന്നു.
ജനങ്ങളിൽ സുരക്ഷാ അവബോധം സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുന്ന സ്ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്. ഓപറേഷൻസ് മാനേജർ, അസി. ഓപറേഷൻ മാനേജർ, മൂന്ന് സുരക്ഷ സൂപ്പർവൈസർമാർ, പരിശീലനം നേടിയ 16 ജീവൻരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ അടങ്ങിയ പ്രത്യേക ടീമിനെയും നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.