ദുബൈ: ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് നിരോധിത മയക്കുമരുന്ന് കടത്തിയ കേസിൽ രണ്ടു പേർക്ക് ദുബൈ കോടതി ജീവപര്യന്തം തടവും രണ്ട് ലക്ഷം ദിർഹം വീതം പിഴയും ശിക്ഷ വിധിച്ചു. ഇന്ത്യ, പാകിസ്താൻ പൗരന്മാരാണ് പ്രതികൾ. ഇക്കഴിഞ്ഞ മാർച്ച് 29നാണ് കേസിനാസ്പദമായ സംഭവം.
ഇന്ത്യയിൽനിന്ന് ദുബൈ വിമാനത്താവളം വഴി 71.5 കിലോ നിരോധിത മരുന്നാണ് കടത്താൻ ശ്രമിച്ചത്. ദുബൈ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നാല് പെട്ടികളിൽ സംശയം തോന്നുകയും എക്സ് റേ സ്കാനിങ്ങിന് വിധേയമാക്കുകയുമായിരുന്നു. പരിശോധനയിൽ നാല് പെട്ടികളിലായി 1,48,380 നെർവിജസിക് കാപ്സ്യൂളുകൾ കണ്ടെത്തി.
ഇതിൽ 71.52 കിലോ ഗ്രാം പ്രിഗാബലിനാണ് അടങ്ങിയിരുന്നത്. സംഭവത്തിൽ ഷിപ്പിങ് കമ്പനി പ്രതിനിധിയായ ഇന്ത്യക്കാരനെ ചോദ്യം ചെയ്തതിൽനിന്ന് മറ്റൊരു ഇന്ത്യൻ പൗരനും യു.എ.ഇയിലെ പാക് പൗരനും ചേർന്നാണ് ഷിപ്മെന്റ് നടത്തിയതെന്ന് വ്യക്തമായി. തുടർന്ന് പാക് പൗരനെ പൊലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. ഷിപ്മെന്റ് ക്ലിയറൻസ് നടത്തിയ കമ്പനി പ്രതിനിധിയെ തടഞ്ഞുവെച്ചെങ്കിലും പിന്നീട് ഇയാൾ നിരപാധിയാണെന്ന് കണ്ടെത്തി വെറുതെവിട്ടിരുന്നു.
കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റു രണ്ടുപേർക്ക് രണ്ടുലക്ഷം ദിർഹം വീതം പിഴയും ജീവപര്യന്തം തടവും വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇരുവരേയും നാടുകടത്താനും കോടതി നിർദേശിച്ചു. വിധിക്കെതിരെ പ്രതികൾ ദുബൈ കോർട്ട് ഓഫ് അപ്പീലിൽ അപ്പീൽ നൽകിയിരിക്കുകയാണ്. ജനുവരി 15ന് കോടതി അപ്പീൽ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.