ദുബൈ: ഹത്ത കൾചറൽ നൈറ്റ്സിന്റെ നാലാം പതിപ്പിന് ഡിസംബർ 22 ഞായറാഴ്ച തുടക്കമാവുമെന്ന് ദുബൈ കൾചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബൈ കൾചർ) അറിയിച്ചു.
ഹത്ത പൈതൃക ഗ്രാമത്തിൽ ശൈത്യകാലം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് വൈവിധ്യമാർന്ന സാംസ്കാരിക, വിനോദ അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി രൂപകൽപന ചെയ്ത ഹത്തൻ മാസ്റ്റർ ഡവലപ്മെന്റ് പ്ലാനിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഹത്തയെ ലോകത്തെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറ്റുകയാണ് ലക്ഷ്യം. വൈവിധ്യമാർന്ന പാരമ്പര്യങ്ങളും ആചാരങ്ങളും ഒപ്പം പ്രദേശത്തെ ചരിത്രം, പ്രകൃതി, സാംസ്കാരികമായ സവിശേഷതകൾ എന്നിവ ആസ്വദിക്കാനുള്ള അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ദുബൈ കൾചർ അറിയിച്ചു.
സന്ദർശകർക്ക് പ്രാദേശിക കവികൾക്കൊപ്പം കവിതാ സായാഹ്നങ്ങളും പരമ്പരാഗത നാടോടിക്കഥകളും അൽ ഹർബിയ, അൽ അയാല, അൽ അസി എന്നിവ അവതരിപ്പിക്കുന്ന പ്രത്യേക ഗ്രൂപ്പുകളുടെ കലാപരമായ പ്രകടനങ്ങളും ആസ്വദിക്കാം. കൂടാതെ റബാബ, ഔദ് തുടങ്ങിയ പരമ്പരാഗത ഉപകരണങ്ങൾ, കാണികളുമായി സംവദിക്കുന്ന ഡ്രം പ്രകടനങ്ങൾ, ബബിൾ, ബലൂൺ ഷോകൾ എന്നിവയും മറ്റും ഉൾക്കൊള്ളുന്ന തത്സമയ സെഷനുകളും പ്രോഗ്രാമിൽ ഉൾപ്പെടുന്നു. ജനുവരി ഒന്നിന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.