ഷാർജ: വ്യാജ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകളിൽ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ വിവിധ എമിറേറ്റുകളിലായി വലിയ വിഭാഗം ആളുകൾക്കാണ് ഓൺലൈൻ കൊമേഴ്സ്യൽ വെബ്സൈറ്റുകളുടെ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടത്. 50 ശതമാനം ഓഫർ കണ്ട് ഓൺലൈനിൽ വാക്വം ക്ലീനറിന് ഓർഡർ നൽകിയ വീട്ടമ്മക്ക് കഴിഞ്ഞ ദിവസം ലഭിച്ചത് ഹെയർ ഡ്രെയർ ആയിരുന്നു. അൽ നഹ്ദയിൽ താമസിക്കുന്ന ഇറാനിയൻ കുടുംബത്തിനാണ് ദുരനുഭവം.
500 ദിർഹം വിലയുള്ള വാക്വം ക്ലീനർ വാങ്ങാനായിരുന്നു ഇറാനിയൻ പൗരനായ അബ്ദുൽ ഹാദിയുടെ തീരുമാനം. ഇതിനായി ഓൺലൈനിൽ തിരയുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ ഭാര്യ 50 ശതമാനം ഓഫർ എന്ന പരസ്യം കണ്ടത്. വൈകാതെ 250 ദിർഹം നൽകി സാധനത്തിന് ഓർഡർ നൽകി. പക്ഷെ, സാധനം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വെറും 30 ദിർഹം മാത്രം വിലയുള്ള ഹെയർ ഡ്രെയറാണെന്ന് വ്യക്തമായത്.
മൂന്നടി നീളമുള്ള വാക്വം ക്ലീനറിന്റെ പരസ്യമാണ് ഓൺലൈനിൽ നൽകിയിരുന്നതെന്ന് അബ്ദുൽ ഹാദി പറഞ്ഞു. എന്നാൽ, ലഭിച്ചത് ഒരു അടിക്ക് താഴെ മാത്രം നീളമുള്ള ഹെയർ ഡ്രെയറാണ്. കുറച്ചു ദിവസം കഴിഞ്ഞ് പരിശോധിച്ചപ്പോൾ വെബ്സൈറ്റ് തന്നെ അപ്രത്യക്ഷമാവുകയും ചെയ്തു. ഇദ്ദേഹം മാത്രമല്ല, ഇങ്ങനെ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം രാജ്യത്ത് വർധിച്ചുവരുകയാണ്.
ദുബൈയിലെ അൽ വറഖയിൽ താമസിക്കുന്ന സോഫ്റ്റ്വെയർ എൻജിനീയറായ മുഹമ്മദ് അമ്മാറിനും പറയാനുള്ളത് തട്ടിപ്പിന്റെ മറ്റൊരു കഥയാണ്. പെർഫ്യൂം ഇഷ്ടമുള്ള ഇദ്ദേഹം ചില വെബ്സൈറ്റുകളിൽ 60 ശതമാനം ഡിസ്കൗണ്ട് ഓഫർ കണ്ടാണ് ഓർഡർ നൽകിയത്. ലഭിച്ചത് പക്ഷെ, സുഗന്ധ വസ്തുക്കൾ കലർത്തിയ വെറും വെള്ളം മാത്രമായിരുന്നു അത്. 1200 ദിർഹമാണ് അതുവഴി നഷ്ടപ്പെട്ടത്. പെർഫ്യൂമിന്റെ ശരിയായ വിപണി വില 3000 ദിർഹമായിരുന്നു. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതിനെ തുടർന്ന് വെബ്സൈറ്റിൽ നൽകിയ നമ്പറിൽ വിളിച്ചപ്പോൾ ഔട്ട് ഓഫ് റീച്ചായിരുന്നുവെന്നും അമ്മാർ പറഞ്ഞു.
തട്ടിപ്പ് തടയാനുള്ള മാർഗം
1. വിശ്വസനീയമായ വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കുക
2. ബ്രൗസർ ബാറിൽ https എന്ന് രേഖപ്പെടുത്തിയ വെബ്സൈറ്റുകൾ മാത്രം ഉപയോഗിക്കുക
3. അവധിക്കാലത്താണ് ഇത്തരം തട്ടിപ്പുകൾ വ്യാപകമെന്നതിനാൽ ഇ-മെയിൽ മെസേജുകൾക്ക് മറുപടി നൽകാതിരിക്കുക
4. ഒ.ടി.പി ടൈപ്പ് ചെയ്യുന്നതിനുമുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തുക
5. നിങ്ങളുടെ ഉപകരണങ്ങൾ അപ്ഡേറ്റ് ചെയ്യുക. സ്ഥിരമായി അപ്ഡേറ്റ് ചെയ്യുന്നത് ഹാക്കർമാരിൽ സുരക്ഷ ഒരുക്കും
6. ശക്തമായതും വ്യത്യസ്തവുമായ പാസ്വേഡ് ഉപയോഗിക്കുക
7. ക്രെഡിറ്റ് കാർഡിന്റെയും ബാങ്ക് വിവരങ്ങളും ഇടക്കിടെ പരിശോധിക്കുക
8. വ്യാജ ചാരിറ്റി വെബ്സൈറ്റുകളെ സൂക്ഷിക്കുക
9. പൊതുയിടങ്ങളിൽ വൈ ഫൈ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക. കഴിയുമെങ്കിൽ വി.പി.എൻ ഉപയോഗിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.