ദുബൈ: ‘ത്രീഡി’ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച പരിസ്ഥിതിസൗഹൃദ പവിലിയനുമായി കോപ് 28 വേദിയിൽ ദുബൈ മുനിസിപ്പാലിറ്റി. ഉച്ചകോടി വേദിയിലെ ഗ്രീൻ സോണിൽ എനർജി ട്രാൻസിഷൻ ഹബിലാണ് മുനിസിപ്പാലിറ്റിയുടെ പവിലിയൻ തുറന്നിട്ടുള്ളത്. മുനിസിപ്പാലിറ്റിയുടെ സുസ്ഥിര സംവിധാനങ്ങളും സംരംഭങ്ങളും പരിചയപ്പെടുത്തുന്ന പവിലിയൻ പൂർണമായും നിർമിച്ചത് ‘ത്രീഡി’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. ഇരിപ്പിടങ്ങളും കമാനങ്ങളും ചെടിച്ചട്ടികളും അടക്കം രൂപപ്പെടുത്തിയിരിക്കുന്നത് ‘ത്രീഡി’യിൽതന്നെ.
ഈ നിർമാണ രീതി നേരത്തേ മുതൽ ദുബൈയിൽ നിലവിലുണ്ടെങ്കിലും പൂർണമായും പരിസ്ഥിതിസൗഹൃദപരമായ ‘പി.എൽ.എ’ എന്ന അസംസ്കൃത വസ്തു ഉപയോഗിച്ചാണ് പവിലിയൻ രൂപപ്പെടുത്തിയിരിക്കുന്നത് എന്നതാണ് ഏവരെയും ആകർഷിക്കുന്ന സവിശേഷത. കരിമ്പുചണ്ടി, തവിട് എന്നിവയിൽനിന്ന് രൂപപ്പെടുത്തിയെടുക്കുന്ന തികച്ചും ജൈവികമായ അസംസ്കൃത വസ്തുവാണ് പി.എൽ.എ. ഇതാണ് സിമന്റ്, പ്ലാസ്റ്റർ ഓഫ് പാരിസ് എന്നിവക്കു പകരമായി ഉപയോഗിച്ചിട്ടുള്ളത്.
പി.എൽ.എ ഉപയോഗിച്ച് നിർമിക്കുന്നത് എങ്ങനെയെന്ന് ലൈവായി പവിലിയനിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്. നിർമാണത്തിന് ഉപയോഗിക്കുന്ന പി.എൽ.എയുടെ സാമ്പ്ൾ ചെറിയ കുപ്പിയിൽ സന്ദർശകർക്ക് ഉപഹാരമായി സമ്മാനിക്കുന്നുമുണ്ട്. 2030ഓടെ ചുരുങ്ങിയത് 25 ശതമാനം നിർമാണങ്ങളും ത്രീഡി രീതിയിലേക്കു മാറ്റുന്നതിനുള്ള ദുബൈ മുനിസിപ്പാലിറ്റിയുടെ നയത്തിന്റെ ഭാഗമാണ് നവീനമായ രീതി സ്വീകരിച്ചതെന്ന് മുനിസിപ്പാലിറ്റിയുടെ പ്രിൻസിപ്പൽ ബിൽഡിങ് സ്റ്റഡീസ് എൻജിനീയർ ഇഹാബ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സുസ്ഥിര കാഴ്ചപ്പാടുകൾ പ്രദർശിപ്പിക്കുന്ന കോപ്28ൽ നവീനമായ ആശയം പ്രദർശിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.