ദുബൈ: ഈദുൽ അദ്ഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാനദണ്ഡങ്ങൾ ദേശീയ ദുരന്തനിവാരണ സമിതി പുറത്തിറക്കി. പള്ളികളിലും ഈദ് മുസല്ലകളിലും രാജ്യത്താകമാനം പെരുന്നാൾ നമസ്കാരങ്ങൾ നടത്താൻ അനുമതിയുണ്ടാകും. എന്നാൽ 15 മിനിറ്റ് നേരം മാത്രമായി ചടങ്ങുകൾ ചുരുക്കും. നമസ്കാരത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ പള്ളികളും ഈദ്ഗാഹുകളും തുറക്കാൻ പാടുള്ളൂ.
കഴിഞ്ഞാൽ ഉടൻ അടക്കണം. നമസ്കാരത്തിനെത്തുന്നവർ മുസല്ല കൊണ്ടുവരണം. പരമ്പരാഗതമായി ഈദ് ദിനത്തിൽ ചെയ്യുന്ന ഹസ്തദാനവും ആലിംഗനങ്ങളും പാടില്ല. ആരാധനാലയങ്ങളിൽ നമസ്കാരത്തിന് മുമ്പോ ശേഷമോ ഒത്തുകൂടാൻ അനുവാദമില്ലെന്നും സമിതി വക്താവ് താഹിർ അൽ അമീരി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മഹാമാരിയുടെ സാഹചര്യത്തിൽ പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും 12 വയസ്സിൽ താഴെയുള്ള കുട്ടികളും വീട്ടിൽ ഈദ് നമസ്കാരം നിർവഹിക്കാനും നിർദേശിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചവരോ രോഗബാധിതരുമായി അടുത്ത ബന്ധമുള്ളവരോ നമസ്കാരത്തിനെത്തുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.
ആഘോഷ ഭാഗമായി ബന്ധുവീടുകളിൽ പോകുന്നതും ഒത്തുചേരുന്നതും ഒഴിവാക്കണം. ആഘോഷങ്ങൾ ഒരേ വീട്ടിൽ താമസിക്കുന്ന ഒരേ കുടുംബത്തിലെ അംഗങ്ങൾ മാത്രമായി പരിമിതപ്പെടുത്താനും സമിതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.