ലോട്ടറി കഥയിലൂടെ പ്രവാസി മലയാളികൾക്കിടയിലെ സ്നേഹത്തിന്റെയും നിഷ്കങ്കതയുടെയും മനോഹരമായ കഥ പറഞ്ഞ് പ്രേക്ഷക കൈയടി നേടിയിരിക്കുകയാണ് ‘ഏക് കഹാനി’ ഷോർട്ട്ഫിലിം. ദുബൈയുടെ പശ്ചാത്തലത്തിൽ അനൂപ് കുമ്പനാടൻ കഥയും സംവിധാനവും നിർവഹിച്ച ‘ഏക് കഹാനി’യുടെ നിർമാണം അബിലാഷ് എസ്. കുമാർ ആണ്. തിരക്കഥ, സംഭാഷണം അലക്സ് ജോസഫ്. ചായാഗ്രഹം സജാദ് സ്റ്റോൺ ടെമ്പിൾ. ഭാഗ്യാന്വേഷികളായ പ്രവാസികളുടെ യഥാർഥ ജീവിതം വരച്ചു കാണിക്കുന്നതാണ് ഫിലിം.
പണമോ വിദ്യാഭ്യാസമോ സമൂഹത്തിലെ സ്റ്റാറ്റസോ അല്ല യഥാർഥ ജീവിതമെന്നും നേരും നെറിയും ചിലപ്പോൾ നമ്മേക്കാൾ താഴേയുള്ളവരിൽ നിന്ന് കണ്ടു പഠിക്കേണ്ടിവരുമെന്ന പാഠവും ചിത്രം മുന്നോട്ടുവെക്കുന്നു. നാട്ടിൽ സുഹൃത്തുക്കളായിരുന്ന രണ്ട് പേർ ദുബൈയിലെത്തുകയും വിത്യസ്ത ജീവിത സാഹചര്യങ്ങളിൽ വഴിപിരിഞ്ഞ അവരിൽ ഒരാൾ ബാങ്ക് മാനേജറായി ഉയർന്ന നിലയിലും മറ്റെരാൾ ചെറു ചായക്കടയിൽ ജീവിതത്തിന്റെ പ്രാരാബ്ധങ്ങളും പ്രതീക്ഷകളുമായി കഴിയുകയാണ്.
രണ്ട് പേരും ചേർന്ന് എടുത്ത ലോട്ടറിയിൽ ബാങ്ക് മാനേജർ പണം നൽകാതെ ഒഴിഞ്ഞു മാറുന്നു. ഇതോടെ ലോട്ടറിക്കായി ചെലവിടേണ്ടി വന്ന വലിയ തുക മറ്റേ സുഹൃത്ത് ഒറ്റക്ക് കണ്ടത്തേണ്ടിവരുന്നു. ഒടുവിൽ ഈ ഇയാൾക്ക് ലോട്ടറി അടിക്കുമ്പോൾ ടിക്കറ്റിന് ചെലവായ പണത്തിന്റെ പങ്ക് തരാത്ത സുഹൃത്തിന് സമ്മാനത്തുക നൽകുമോയെന്ന ചോദ്യം ഉയരുന്നു. ഈ ചോദ്യത്തിനുള്ള മനോഹരമായ മറുപടിയിലൂടെയാണ് കഥ അവസാനിക്കുന്നത്.
എന്നെങ്കിലും ഭാഗ്യം കടാക്ഷിക്കുമെന്ന പ്രതീക്ഷയിൽ തുച്ഛമായ വരുമാനത്തിൽ നിന്ന് ഒരു ഭാഗം ലോട്ടറി എടുക്കാൻ മാറ്റിവെക്കുന്ന ശരാശരി പ്രവാസി മലയാളികളുടെ ജീവിത മുഹുർത്തങ്ങളെ മനോഹരമായി വരച്ചുകാണിക്കുന്നുണ്ടീ ഹൃസ്വ ചിത്രം.
ദുബൈയിലെ കരാമയിൽ താമസിക്കുന്ന രണ്ട് സുഹൃത്തുക്കൾക്കിടയിൽ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ഷോർട്ട്ഫിലിം നിർമിച്ചതെന്നാണ് സംവിധായകൻ അനൂപ് കുറുമ്പനാടൻ വ്യക്തമാക്കിയത്. ഒരിക്കൽ ഭാഗ്യം തന്നെയും തേടിയെത്തുമെന്ന പ്രതീക്ഷയിൽ ലോട്ടറിക്കായി ഓരോ ദിവസവും സമ്പാദ്യത്തിന്റെ ഒരു ഭാഗം മാറ്റിവെക്കുന്ന നൂറുകണക്കിന് പ്രവാസികളാണ് യു.എ.ഇയിൽ ജീവിക്കുന്നത്.
പ്രവാസികൾക്കിടയിലെ പരസ്പര സ്നേഹത്തെ വരച്ചുകാട്ടുന്ന ഷോർട്ട് ഫിലിം യൂട്യൂബിൽ റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടപ്പോൾ രണ്ടര ലക്ഷം പേർ ചിത്രം കണ്ടു കഴിഞ്ഞു. ദുബൈയിൽ എനർജി ടെക്നോളജി കമ്പനിയിൽ കഴിഞ്ഞ 17 വർഷമായി റിസോഴ്സ് മാനേജറായി ജോലി ചെയ്യുകയാണ് അനൂപ് കുറുമ്പനാടൻ. ദുബൈയിൽ പ്രവാസികൾക്കടിയിൽ രണ്ട് പതിറ്റാണ്ടോളം ജീവിച്ച അനുഭവങ്ങൾ ഷോർട്ട് ഫിലിമിന് മുതൽകൂട്ടായതായും അനൂപ് പറയുന്നു.
സജിൻ അലി പുലാക്കൽ ആണ് ചിത്രത്തിൽ അഷ്റഫ് എന്ന മുഖ്യ കഥാപാത്രമായി അഭിനയിച്ചത്. വളരെ കൈയൊതുക്കത്തോടെ നായക കഥാപാത്രത്തെ കൈകാര്യം ചെയ്യാൻ സജിൻ അലിക്ക് കഴിഞ്ഞിട്ടുണ്ട്. ബ്ലോഗർ കൂടിയായ വിജിയാണ് അഷ്റഫിന്റെ സുഹൃത്തായി വേഷമിട്ടിത്. ദുബൈയിൽ റേഡിയോ ജോക്കികളായ മായയും അഞ്ജനയും ചിത്രത്തിൽ മികച്ച അഭിനയം കാഴ്ചവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.