ദുബൈ: ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രക്ക് വാക്സിനേഷൻ വേണമെന്ന നിബന്ധന എമിറേറ്റ്സും ഒഴിവാക്കി. എയർലൈന്‍റെ വെബ്സൈറ്റിലെ പുതിയ സർക്കുലറിലാണ് വാക്സിനേഷൻ നിബന്ധന ഒഴിവാക്കിയത്. ഇതോടെ, ദുബൈ വിസയുള്ളവർക്ക് വാക്സിനേഷനില്ലാതെ മടങ്ങാൻ കഴിയും. അതേസമയം, അബൂദബി, ഷാർജ ഉൾപെടെയുള്ള എമിറേറ്റുകളിൽ വിസയുള്ളവർക്ക് വാക്സിനേഷൻ നിർബന്ധമാണ്.
വാക്സിനേഷൻ വേണെമന്ന നിബന്ധന എയർ ഇന്ത്യയും വിസ്താര എയർലെൻസും നേരത്തെ ഒഴിവാക്കിയിരുന്നു. നേരത്തെ ഇറക്കിയ സർക്കുലറിൽ യു.എ.ഇയിൽ നിന്നെടുത്ത വാക്സിൻ നിർബന്ധമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ, പുതിയ സർക്കുലർ പ്രകാരം ജി.ഡി.ആർ.എഫ്.എയുടെ അനുമതിയും 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലവും നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആർ പരിശോധന ഫലവുമുണ്ടെങ്കിൽ ദുബൈയിലേക്ക് യാത്ര ചെയ്യാം.
നിലവിൽ ദുബൈ വിസക്കാർക്ക് മാത്രമെ ദുബൈയിലെ വിമാനത്താവളങ്ങളിലേക്ക് പ്രവേശന അനുമതി നൽകുന്നുള്ളു. അതിനാൽ, പുതിയ സർക്കുലർ പ്രകാരമുള്ള നിബന്ധനയുടെ ഗുണം ലഭിക്കുന്നത് ദുബൈ വിസക്കാർക്ക് മാത്രമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.