ദുബൈ: ദുബൈയിൽ തൊഴിൽതട്ടിപ്പിനിരയായി തടവിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ മോചിപ്പിച്ച് നാട്ടിൽ എത്തിച്ചു. ഇവന്‍റ് മാനേജ്മെൻറ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശിനിയെയാണ് ദുബൈ പൊലീസിന്‍റെ സഹായത്തോടെ 'ഓർമ' പ്രവർത്തകർ മോചിപ്പിച്ചത്.
നാട്ടിലെ ഏജൻസി മുഖേനയാണ് പെൺകുട്ടിയെ സന്ദർശക വിസയിൽ ദുബൈയിലെത്തിച്ചത്. എന്നാൽ, ഇവിടെ എത്തിയതോടെ പറഞ്ഞുറപ്പിച്ച ജോലി നൽകുന്നതിന് പകരം ഹോട്ടലിലെ ബാറിൽ ജോലി ചെയ്യാൻ പെൺകുട്ടിയെ നിർബന്ധിക്കുകയായിരുന്നു. പെൺകുട്ടി തയാറാകാതിരുന്നതോടെ മുറിയിൽ പൂട്ടിയിടുകയും ചെയ്‌തു. ഓർമ സംഘടനയിലെ അംഗങ്ങളുമായി ബന്ധപ്പെടാൻ പെൺകുട്ടിയ്ക്ക് അവസരം കിട്ടിയതോടെയാണ് രക്ഷപെടാനുള്ള വഴി ഒരുങ്ങിയത്.
ഓർമ പി.ആർ കമ്മറ്റി പ്രതിനിധികൾ നോർകയുമായി ബന്ധപ്പെടുകയും നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന് ഇടപെടുകയും ദുബൈ പൊലീസ് അധികൃതരെ ബന്ധപ്പെടുകയും ചെയ്തു. ഇതോടെയാണ് പെൺകുട്ടിക്ക് മോചനം ഒരുങ്ങിയത്. ഇവരെ ഓർമ പ്രതിനിധികളും ലോക കേരളസഭാംഗങ്ങളും ചേർന്ന് നാട്ടിലേക്ക് അയച്ചു.
നാട്ടിൽ നിന്ന് വിദേശ തൊഴിലുകൾ നേടാൻ ശ്രമിക്കുന്നവർ നിർബന്ധമായും അംഗീകൃത ഏജൻസികൾ വഴിമാത്രം അവസരങ്ങൾ തേടണമെന്ന് ഓർമ ഭാരവാഹികൾ, ലോകകേരള സഭാംഗങ്ങൾ എന്നിവർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.