ദുബൈ: പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ ഉപയോഗം ശരാശരിയിലും കൂടുതലുള്ള യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ ഉള്ളിലേക്ക് ഓരോ ആഴ്ചയും അഞ്ചു ഗ്രാം പ്ലാസ്റ്റിക് എത്തുന്നതായി വെളിപ്പെടുത്തൽ. ഒരു ക്രെഡിറ്റ് കാർഡിന്റെ വലുപ്പത്തോളം വരുമിത്. കാൻസർ, ബ്രെയിൻ ഡാമേജ് അടക്കമുള്ള രോഗങ്ങൾക്ക് കാരണമാകുന്ന ഗുരുതര സാഹചര്യമാണിതെന്നും എക്സ്പോ 2020 ദുബൈയിൽ നടക്കുന്ന ജലവാരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത പാനലിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി എല്ലാവർക്കും 99.9ശതമാനം ശുദ്ധമായ ജലം ലഭ്യമാക്കാൻ കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി. വായു, ഭക്ഷണം, വെള്ളം എന്നിവയെല്ലാം മൈക്രോപ്ലാസ്റ്റിക് കലർന്നതാണെന്ന് സമീപകാല പഠനങ്ങൾ തെളിയിക്കപ്പെട്ടതായി ലോക വന്യജീവി ഫണ്ട്(ഡബ്ല്യു.ഡബ്ല്യു.എഫ്) കണ്ടെത്തിയെന്ന് ചടങ്ങിൽ സംസാരിച്ച കമ്രാൻ ബിർജീസ് ഖാൻ ചൂണ്ടിക്കാട്ടി. ആളുകൾ ഓരോ ആഴ്ചയും ഏകദേശം 2,000 ചെറിയ പ്ലാസ്റ്റിക് കഷണങ്ങൾ അകത്തേക്കെടുക്കുന്നു, പ്രതിമാസം ഏകദേശം 21 ഗ്രാമും വർഷത്തിൽ 250 ഗ്രാമും വരുമിത്.
ഈ പ്ലാസ്റ്റിക് ചക്രം അവസാനിപ്പിക്കാൻ നമുക്ക് കാര്യക്ഷമവും ഫലപ്രദവുമായ ബദലുകളും സുസ്ഥിരമായ പരിഹാരങ്ങളും ആവശ്യമാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.
ദുബൈയിൽ പ്ലാസ്റ്റിക് സഞ്ചികൾക്ക് വിലക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ജൂലൈ ഒന്നുമുതൽ പുനരുപയോഗം സാധ്യമല്ലാത്ത സഞ്ചികൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് പണം ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
രണ്ടുവർഷത്തിനകം ഇത്തരം സഞ്ചികൾക്ക് സമ്പൂർണ നിരോധനം നിലവിൽ വരുത്താനാണ് അധികൃതർ തീരുമാനിച്ചത്.
പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് സഞ്ചികളിൽ സാധനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിൽനിന്ന് സഞ്ചി ഒന്നിന് 25 ഫിൽസ് വീതമാണ് ഈടാക്കുക. ഫാർമസികൾ, ടെക്സ്റ്റൈൽസുകൾ തുടങ്ങി ഓൺലൈനിൽ സാധനങ്ങൾ എത്തിക്കുന്ന സ്ഥാപനങ്ങൾക്കുവരെ ഇത് ബാധകമായിരിക്കും. വിശദമായ സർവേകളുടെ അടിസ്ഥാനത്തിലാണ് നടപടി. പ്ലാസ്റ്റിക് കിറ്റ് നിരോധനത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും 85 ശതമാനം രാജ്യനിവാസികളും സർവേയിൽ പിന്തുണക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.