അജ്മാന്: ദുരിതക്കയത്തിലകപ്പെട്ട് അജ്മാനിൽ താമസിച്ചുവന്ന നാലു മലയാളികൾക്ക് നാട്ടിലേക്ക് പോകാൻ അവസരമൊരുക്കി ഗ്ലോബൽ പ്രവാസി യൂനിയൻ. ചാവക്കാട് സ്വദേശി വിശ്വംബരന്, തിരുവനന്തപുരം സ്വദേശികളായ ശരത്, കിനാൻ, കൊല്ലം സ്വദേശിയായ ഷാജഹാൻ എന്നിവർക്കാണ് യൂനിയന്റെ ഇടപെടലിൽ നാട്ടിലേക്ക് പോകാൻ വഴിയൊരുങ്ങിയത്.
വിശ്വംബരന് 35 വർഷമായി പ്രവാസിയാണ്. ബിസിനസ് തകർന്ന് കേസിൽ അകപ്പെട്ട് 10 വർഷത്തോളം നാട്ടിലേക്ക് പോകാൻ കഴിയാതെ ഇദ്ദേഹം ബുദ്ധിമുട്ടുകയായിരുന്നു. തുടർന്ന് വിഷയത്തിൽ ഇടപെട്ട ഗ്ലോബൽ പ്രവാസി യൂനിയൻ ഭാരവാഹികൾ അദ്ദേഹത്തിന്റെ കേസുകളെല്ലാം അവസാനിപ്പിക്കുകയും വിസ സംബന്ധമായ പിഴകളും മറ്റ് വിഷയങ്ങളും തീർത്ത് ഔട്ട്പാസ് ശരിയാക്കിയാണ് യാത്ര ശരിപ്പെടുത്തിയത്. ബാക്കി മൂന്നുപേരും സന്ദർശന വിസയിൽ വന്ന് ചതിക്കപ്പെട്ട് ഭക്ഷണവും താമസസൗകര്യവുമില്ലാതെ അജ്മാനിലെ ഒരു കെട്ടിടത്തിന് സമീപം ദിവസങ്ങളായി താമസിച്ച് വരികയായിരുന്നു.
ഇതിനിടെ കൊല്ലം സ്വദേശി ഷാജഹാന് രണ്ടു പ്രാവശ്യം ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു. വിവരമറിഞ്ഞ ഗ്ലോബൽ പ്രവാസി യൂനിയന്റെ അജ്മാൻ എക്സിക്യൂട്ടിവ് അംഗം ഹലീമ, സിദ്ധീക്ക് ചാലുശ്ശേരി, ഹരി ഒറ്റപ്പാലം, റഫീഖ് അജ്മാൻ, വർഗീസ് എന്നിവർ ഗ്ലോബൽ പ്രവാസി യൂനിയന്‍ ചെയർമാൻ അഡ്വ. ഫരീദുമായി ബന്ധപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഇടപെടലാണ് ഇവര്‍ക്ക് നാട്ടിലേക്കുള്ള യാത്ര എളുപ്പമാക്കിയത്. ഗ്ലോബൽ പ്രവാസി യൂനിയന്‍ ഇടപെട്ടാണ് ഇവർക്ക് നാട്ടിലേക്ക് പോകാനുള്ള യാത്ര സൗകര്യങ്ങള്‍ ഒരുക്കിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.