ദുബൈ: സർവിസ് തുടങ്ങാൻ തയാറെടുക്കുന്ന ഇത്തിഹാദ് പാസഞ്ചർ ട്രെയിനിൽ യാത്രക്കാരെ കാത്തിരിക്കുന്നത് ലോകോത്തര സൗകര്യങ്ങൾ. 400 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പ്രോട്ടോ ടൈപ്പ് പാസഞ്ചർ ട്രെയിനാണ് ഇത്തിഹാദ് സർവിസിനായി ഉപയോഗിക്കുകയെന്ന് കമ്പനിയിലെ ഏക വനിത എൻജിനീയറായ ഖോലൂദ് അൽ മസ്റൂയി വെളിപ്പെടുത്തി.
ട്രെയിനിന്റെ രൂപവും അകത്തെ സൗകര്യങ്ങളും വെളിപ്പെടുത്തുന്ന വിഡിയോയും ഇവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ട്രെയിനിൽ ഇക്കണോമിക് ക്ലാസ്, ബിസിനസ് ക്ലാസ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണുണ്ടാവുക. ബിസിനസ് ക്ലാസ് കമ്പാർട്ട്മെന്റിൽ 16 സീറ്റുകളും ഇക്കണോമിക് ക്ലാസ് കമ്പാർട്ട്മെന്റിൽ 56 സീറ്റുകളുമുണ്ടാകും. ഓരോ ട്രെയിനിലും എത്ര കമ്പാർട്ട്മെന്റ് വീതം ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല.
ഇത്തിഹാദ് പരിചയപ്പെടുത്തുന്ന വിഡിയോ പരമ്പരയിലെ ആറാമത്തേതാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. പ്രമുഖ കണ്ടന്റ് നിർമാതാവായ ശിഹാബ് അൽ ഹഷ്മി, എൻജിനീയർ ഖോലൂദ് അൽ മസ്റൂയി, ലോക്കോ പൈലറ്റ് ഇബ്രാഹിം അൽ ഹമ്മാദി എന്നിവരാണ് പരീക്ഷണ ഓട്ടത്തിൽ ട്രെയിനിലുള്ളത്.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുമെങ്കിലും യാത്രക്കാർക്ക് അത് അനുഭവപ്പെടില്ലെന്ന് ഖോലൂദ് പറഞ്ഞു. ഫുജൈറയിലെ സകംക്കം, ഷാർജയിലെ യൂനിവേഴ്സിറ്റി സിറ്റി എന്നിവിടങ്ങളിലായി രണ്ട് സ്റ്റേഷനുകളായിരിക്കും ട്രെയിനിന് ഉണ്ടാവുകയെന്ന് നേരത്തെ ഗ്ലോബൽ റെയിൽ കോൺഫറൻസിൽ കമ്പനിയുടെ മുതിർന്ന വക്താവ് സ്ഥിരീകരിച്ചിരുന്നു. ട്രെയിനിന് ചാര നിറമാണ് വിഡിയോയിൽ കാണുന്നത്. വൈ ഫൈ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കമ്പാർട്ട്മെന്റിൽ സജ്ജീകരിച്ചിട്ടുണ്ട്.
900 കിലോമീറ്റർ നീളമുള്ള പാസഞ്ചർ ട്രെയിൻ പദ്ധതി പൂർത്തിയാകുന്നതോടെ ഏഴ് എമിറേറ്റുകളിലായി 11 പ്രധാന നഗരങ്ങളിലൂടെ യാത്ര ചെയ്യാനാവും. പദ്ധതി പൂർത്തിയായാൽ അയൽ രാജ്യങ്ങളുമായി ബന്ധിപ്പിച്ച് ട്രെയിൻ സർവിസ് തുടങ്ങുന്ന ആദ്യ ഗൾഫ് രാജ്യമായും യു.എ.ഇ മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.