ദുബൈ: റെയിൽ ശൃംഖലകളുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് മെറ്റ വേഴ്സും ഡിജിറ്റൽ സാങ്കേതിക വിദ്യയും ഉപയോഗിച്ചുള്ള ആദ്യ ‘റെയിൽ റെഡിനസ് ഡ്രില്ലിന്’ ദുബൈ ഗതാഗത അതോറിറ്റി (ആർ.ടി.എ) തുടക്കം കുറിച്ചു. സാങ്കേതിക പങ്കാളിയായ മെറ്റ എസൻസുമായി സഹകരിച്ച് നടത്തിയ സംരംഭം അത്യാധുനിക സാങ്കേതികവിദ്യയെ അടിയന്തര പ്രതിസന്ധി ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഉപയോഗപ്പെടുത്താൻ സഹായിക്കും.
ഈ പ്ലാറ്റ്ഫോം ദുരന്ത നിവാരണ രംഗത്ത് പ്രവർത്തിക്കുന്നവർ നേരിടുന്ന വെല്ലുവിളികൾ മുൻകൂട്ടിക്കാണാൻ സഹായിക്കുകയും സർക്കാർ സ്ഥാപനങ്ങളിലുടനീളം സഹകരണം ഉറപ്പാക്കുകയും സങ്കീർണമായ സാഹചര്യങ്ങളിൽ അസാധാരണമായ കൃത്യതയോടെ പ്രതികരിക്കാൻ പ്രാപ്തമാക്കുകയും ചെയ്യും.
ദുബൈ പൊലീസ്, ദുബൈ സിവിൽ ഡിഫൻസ്, ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി ഡിപ്പാർട്മെന്റ്, ദുബൈ കോർപറേഷൻ ഫോർ ആംബുലൻസ് സർവിസസ്, നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, ദുബൈ ഹെൽത്ത് അതോറിറ്റി, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ഹെൽത്ത്, ദുബൈ ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി എന്നിവയുൾപ്പെടെ 11 സർക്കാർ സ്ഥാപനങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു.
ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി, ദുബൈ ഗവൺമെന്റ് മീഡിയ ഓഫിസ് എന്നിവക്കൊപ്പം ദുബൈ മെട്രോയുടെയും ട്രാമിന്റെയും ഓപറേറ്ററായ കിയോലിസ്-എം.എച്ച്.ഐ എന്നിവയും ഇതിന്റെ ഭാഗമായി. ലോക വേദിയിൽ ഒരു മുൻനിര സ്മാർട്ട് സിറ്റി എന്ന നിലയിൽ ദുബൈയുടെ സ്ഥാനം ഉറപ്പാക്കുന്ന സംരംഭമാണിത്.
ഇത്തരം ആധുനിക സംരംഭങ്ങൾ വഴി പ്രതിസന്ധികളുടെ തീവ്രത ശരിയായി വിലയിരുത്താനും ഉയർന്ന നിലവാരത്തിലുള്ള തയാറെടുപ്പ് നടത്താനും എല്ലാ സ്ഥാപനങ്ങളെയും പ്രാപ്തരാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.